ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വെങ്കലം നേടിക്കൊടുത്തുകൊണ്ട് ഹോക്കിയിൽ നിന്നും വിടവാങ്ങുകയാണ് ഇതിഹാസതാരം പി ആർ ശ്രീജേഷ്. ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരം ശ്രീജേഷിന്റെ കുടുംബവും ഇന്ത്യയുടെ വിജയത്തിൽ വലിയ ആഹ്ലാദത്തിലാണ്. മെഡൽ നേട്ടത്തോട് കൂടിയുള്ള ഈ പടിയിറക്കം ശ്രീജേഷിന് ലഭിച്ച വലിയ അനുഗ്രഹം ആണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.
“പന്ത്രണ്ടാം വയസ്സിൽ ശ്രീജേഷ് കായിക പരിശീലനത്തിനായി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ഞങ്ങൾക്ക് വലിയ ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവൻ ഇന്ത്യയുടെ മുഴുവൻ മകനായി മാറിയിരിക്കുകയാണ്. മെഡൽ നേട്ടത്തോടെ വിരമിക്കുക എന്നുള്ളത് ശ്രീജേഷിന്റെ സ്വപ്നമായിരുന്നു. അത് സാധിച്ചതിൽ വലിയ സന്തോഷമുണ്ട്” എന്നും പി ആർ ശ്രീജേഷിന്റെ കുടുംബം വ്യക്തമാക്കി.
എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ഇന്ത്യയുടെ ഇതിഹാസ താരം പി ആർ ശ്രീജേഷ്. 12-ാം വയസ്സിൽ തിരുവനന്തപുരത്തെ ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിൽ ചേർന്നാണ് അദ്ദേഹം ഹോക്കിയിലേക്കുള്ള പ്രാഥമിക ചുവടുകൾ വച്ചത്. സ്കൂളിലെ ഹോക്കി പരിശീലകൻ ജയകുമാർ ആണ് ഗോൾ കീപ്പിങ്ങിൽ ശ്രദ്ധ ചെലുത്താൻ ശ്രീജേഷിനെ ഉപദേശിച്ചത്.
ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ശ്രീജേഷ് റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ ടീമിന്റെ വെങ്കല നേട്ടത്തിലും നിർണായക പങ്കാണ് വഹിച്ചത്.
രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ഏക മലയാളി താരം എന്ന ബഹുമതി കൂടിയാണ് പി ആർ ശ്രീജേഷ് സ്വന്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പതിമൂന്നാം മെഡൽ ആണ് ഇന്ന് ഇന്ത്യൻ ടീം നേടിയത്. ഒന്നിനെതിരെ രണ്ടുഗോളിന് സ്പെയിനെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ഈ വിജയം സ്വന്തമാക്കിയത്. തലമുറകൾക്ക് പ്രചോദനമാകുന്ന വിജയമാണ് ഇന്ത്യ നേടിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വ്യക്തമാക്കി. കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ മെഡൽ നേട്ടം എന്നും മോദി അറിയിച്ചു.
Discussion about this post