വയനാട് ദുരന്തം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുവന്നിരുന്ന ചില വാഗ്ദാനങ്ങൾ ആയിരുന്നു അനാഥരായ കുട്ടികളെ ദത്തെടുക്കാം, മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിക്കാം എന്നിങ്ങനെയുള്ളവ. ഒട്ടും തന്നെ ഔചിത്യ ബോധമില്ലാതെ ആണ് പലരും ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്. വയനാട്ടിൽ കുട്ടികളെ ദത്ത് നൽകേണ്ട സാഹചര്യം നിലവിലില്ല എന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി കൽപ്പറ്റ മണ്ഡലം കമ്മറ്റി സെക്രട്ടറി ഷാജിമോൻ ചൂരൽമല. ദുരന്തത്തിൽ തകർന്നിരിക്കുന്ന കുറെ ജനങ്ങളോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നെ അനൗചിത്യം ആണെന്ന് ഷാജിമോൻ ചൂരൽമല വ്യക്തമാക്കുന്നു.
ഷാജിമോൻ ചൂരൽമല പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
രണ്ടു ദിവസമായി അറിയുന്നവരും അറിയാത്തവരുമായി ഒരു പാടു പേർ വിളിക്കുന്നു….
ഇന്ന് മാത്രം പതിനഞ്ചു പേരാണ് അങ്ങിനെ ബന്ധപ്പെട്ടത് !
ഉരുൾപൊട്ടലിനെ തുടർന്ന് അനാഥരായ പെൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട്…..
ഒരാൾ നേരിട്ട് മേപ്പാടി സ്കൂളിനടുത്തെ പാർട്ടി ഹെൽപ്പ് ഡസ്കിൽ എന്നെ തിരഞ്ഞു വന്നു….
കുട്ടികളെ വിവാഹം കഴിക്കാൻ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നാണ് അയാൾ ചോദിച്ചത് അമർഷവും സങ്കടവും ഒരുമിച്ച് എന്നെ കീഴടക്കി…
പൊന്നു മലയാളികളെ മലയോടും മാരികളോടും കങ്കാണിമാരുടെ ക്രൂരതകളോടും പോരാടി ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻഗാമികളാണ് ഞങ്ങൾ ……
ഞങ്ങളിതും അതിജീവിക്കും …..
ഞങ്ങൾ വെള്ളരിമലക്കാർ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒരേ കുടുംബാംഗങ്ങളാണ് ……
ഞങ്ങളുടെ മക്കൾ അനാഥരല്ല …..
ആരും അനാഥരാവില്ല ….
ഞങ്ങളൊരു കുടുംബമാണ്….
പെൺമക്കൾ പഠിക്കട്ടെ ….
വേദനകൾ മറക്കട്ടെ ….
അപ്പോൾ നിങ്ങൾ വരൂ ….
നമുക്ക് ആലോചിക്കാം ….
ഇപ്പോൾ നിങ്ങളുടെ ആവശ്യം തികഞ്ഞ അനൗചിത്യമാണെന്ന് വിനയത്തോടെ …..
വിഷമത്തോടെ അറിയിക്കുകയാണ് …..
Discussion about this post