പാരീസ്: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്കു മകനേപ്പോലെ തന്നെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി.നീരജ് ചോപ്രയെ പരാജയപ്പെടുത്തിയാണ് അർഷാദ് ഒളിംപിക്സ് സ്വർണം നേടിയത്. വെള്ളിയിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും സ്വർണം നേടിയ അർഷാദും തന്റെ മകൻ തന്നെയാണ് എന്നും സരോജ് ദേവി കൂട്ടിച്ചേർത്തു. മാതാവിന്റെ ഈ വാക്കുകളെ കൈയ്യടികളോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.
”വെള്ളി നേട്ടത്തിൽ ഞാൻ സന്തുഷ്ടയാണ്. പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചുവന്നാണ് ഈ മെഡൽ നേട്ടം. മകന്റെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. സ്വർണം നേടിയ നദീമും ഞങ്ങളുടെ മകൻ തന്നെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്സിൽ പങ്കെടുക്കുന്നത്.”- സരോജ് ദേവി പറഞ്ഞു. തന്റെ മകന്റെ ഒളിംപിക്സ് പ്രകടനത്തിൽ സന്തോഷമുണ്ട് എന്നും മടങ്ങിയെത്തിയാൽ മകന്റെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാനായി താൻ കാത്തിരിക്കുകയാണ് എന്നും സരോജ് ദേവി വ്യക്തമാക്കി.
മകൻ രാജ്യത്തിനായി വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്ന് നീരജിന്റെ അച്ഛൻ സതീശ് കുമാർ ചോപ്രയും പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്താന്റെ ദിനമായിരുന്നു. പക്ഷെ ഞങ്ങൾ വെള്ളി നേടി. അത് ഞങ്ങൾക്ക് അഭിമാനകരമാണ്. മികച്ച രീതിയിൽ ഇനിയും പരിശീലനം തുടരും. നീരജ് രാജ്യത്തിന് വേണ്ടി കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post