ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഒന്നര വർഷത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കുന്നത്. എന്നാൽ, വേഗത്തിൽ വിചാരണ തീർക്കണമെന്ന സിസോദിയയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.
ജാമ്യ തുകയായി രണ്ട് ലക്ഷം കെട്ടി വയ്ക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
17 മാസമായി ജയിലിൽ കഴിയുന്നതിനാലും വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിലും വേഗത്തിൽ വിചാരണ തീർക്കാനുള്ള സിസോദിയയുടെ അപേക്ഷ പരിഗണിക്കാനാവില്ല. എന്നാൽ, വിചാരണ തുടങ്ങാത്തതിന്റെ പേരിൽ ഒരാളെ ദീർഘകാലം തടവിൽ വയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിൽ ഫെബ്രുവരി 26നാണ് മനീഷ് സിസോദിയ അറസ്റ്റിലായത്. മാർച്ച് ആറിനാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post