ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എഎപി നേതാവ് അതിഷി. അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് സത്യത്തിന്റെ വിജയമാണെന്നും പറഞ്ഞ അതിഷി പിന്നീട് പൊട്ടിക്കരയുകയായിരുന്നു. സംഭവത്തിൽ വീഡിയോ പാർട്ടി പുറത്ത് വിട്ടിട്ടുണ്ട്.
‘ഡൽഹിയുടെ വിപ്ലവ നായകൻ മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കി 17 മാസത്തോളം ജയിലിൽ അടച്ചു. ഇന്നത്തെ ദിവസം രാജ്യം മുഴുവൻ സന്തോഷിക്കുകയാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. ഇത് സത്യത്തിന്റെ വിജയമാണ്. വിദ്യഭ്യാസത്തിന്റെ ജയമാണ്. ഡൽഹിയിലെ ഓരോ കുട്ടികളുടെയും വിജയമാണ്’- അതിഷി പറഞ്ഞു.
ഒന്നര വർഷത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കുന്നത്. ദീർഘനാളായി ഒരാളെ തടവിൽ പാർപ്പിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, വേഗത്തിൽ വിചാരണ തീർക്കണമെന്ന സിസോദിയയുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജാമ്യ തുകയായി രണ്ട് ലക്ഷം കെട്ടി വയ്ക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
Discussion about this post