തിരുവനന്തപുരം: സർക്കാരിന്റെ പണം കൊണ്ട് നിലവിൽ വന്ന കേരളാ ബാങ്കിന് പൊതുജനങ്ങളോട് ഉത്തരവാദിത്വം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. ഇതിനെ തുടർന്ന് കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു .
കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തർക്കത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകൾ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് ഉത്തരവ്. വായ്പ എടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തു വകകൾ ജപ്തിചെയ്തതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കേരളാ ബാങ്ക് മറച്ചു വച്ചിരുന്നു. ഇതാണ് വിവരവകാശ കമ്മീഷനെ ചൊടിപ്പിച്ചത്.
സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിലവിൽ വന്നതും ആകെ 2159.03 കോടി രൂപ മൂലധമുള്ളതും അതിൽ സർക്കാറിൻറെ 906 കോടി രൂപ ഓഹരിയുള്ളതം 400 കോടിരൂപ സർക്കാറിൻറെ അധികമൂലധനമുള്ളതുമായ കേരള ബാങ്കിൻറെ പ്രവർത്തനം സംബന്ധിച്ച് അറിയാൻ പൗരന് അവകാശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുൽ ഹക്കിമാണ് ഉത്തരവിട്ടത്.
സർക്കാറിൻറെ ഓഹരിധനം ഒരു പ്രധാന മൂലധനമായിരിക്കെ, കേരള ബാങ്ക് വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജർ അവിടുത്തെ പൊതു അധികാരിയാണെന്നും ഒടുവിൽ കേരള ബാങ്കിൽ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
Discussion about this post