മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എംവിഎയുടെ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പ് ലഭിക്കാത്തതിനാൽ ഡൽഹിയിൽ നിന്നും വെറും കയ്യോടെ മടങ്ങി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ.
ദേശീയ തലസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ താക്കറെ വ്യാഴാഴ്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും ഒരു ദിവസം മുമ്പ് രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കണ്ടു. ഭാര്യ രശ്മി, മകൻ ആദിത്യ എന്നിവർക്കൊപ്പമെത്തിയ താക്കറെ വ്യാഴാഴ്ച വൈകിട്ടോടെ മുംബൈയിലേക്ക് മടങ്ങി.
ഡൽഹിയിൽ മൂന്ന് ദിവസം തങ്ങിയത് മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണെങ്കിലും താക്കറെയ്ക്ക് വെറുംകൈയോടെ മടങ്ങേണ്ടി വന്നതായി ബിജെപി സംസ്ഥാന വക്താവ് കേശവ് ഉപാധ്യേ മാധ്യമങ്ങളോട് പറഞ്ഞു.
“മഹാരാഷ്ട്രക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നത് മറന്നേക്കൂ , ശിവസേന (യുബിടി) തലവന് തനിക്ക് വേണ്ടി പോലും ഒന്നും നേടാനായില്ല”. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പ്രഖ്യാപിച്ചതിന് പിന്നാലെ താക്കറെ നിരാശനാണെന്നും ഉപാധ്യെ പറഞ്ഞു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, അദ്ദേഹത്തോടുള്ള ബഹുമാനത്താൽ, ബാന്ദ്രയിലെ താക്കറെയുടെ വസതിയായ മാതോശ്രീ നേരിട്ട് സന്ദർശിച്ചിട്ടാണ് 125 സീറ്റുകൾ നൽകാൻ സമ്മതിച്ചതെന്നും എന്നാൽ ഇപ്പോൾ 100 സീറ്റുകൾ നേടണമെങ്കിൽ കോൺഗ്രസിന് മുന്നിൽ തലകുനിക്കണം എന്നതാണ് ശിവസേനയുടെ അവസ്ഥയെന്നും ഉപാധ്യേ തുറന്നടിച്ചു.
സീറ്റ് വിഭജന ചർച്ചകളിൽ ഞങ്ങൾ തന്നെയായിരിക്കും വല്യേട്ടൻ എന്ന് കോൺഗ്രസ് വ്യക്തമായ സൂചന നൽകി,”അതുകൊണ്ട് തന്നെ ഉദ്ധവ് താക്കറെയുടെ ആത്മാഭിമാനം തന്നെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡി സഖ്യത്തിൽ വല്യേട്ടന്മാർ ആരും ഇല്ല എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ അവകാശ വാദം.
Discussion about this post