വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിത മേഖലകളും ദുരന്തത്തിന് ഇരയായവരെയും സന്ദർശിക്കുന്നത് തുടരുകയാണ്. പ്രധാനമന്ത്രിയെ കണ്ടു സംസാരിച്ചതിനുശേഷം വലിയ പ്രതീക്ഷ തോന്നുന്നതായി വയനാട്ടിലെ ദുരന്തബാധിതനായ അയ്യപ്പൻ വ്യക്തമാക്കി. മോദിയോടും സുരേഷ് ഗോപിയോടും പ്രശ്നങ്ങൾ അറിയിച്ചു. മോദിയും സുരേഷ് ഗോപിയും ഒരിക്കലും ചതിക്കില്ല എന്ന് പൂർണ്ണ വിശ്വാസം ഉണ്ട് എന്നും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അയ്യപ്പൻ അറിയിക്കുന്നു.
വയനാട് ദുരന്തത്തിൽ തന്റെ കുടുംബത്തിലെ എട്ടോളം പേരെ നഷ്ടപ്പെട്ട വ്യക്തിയാണ് അയ്യപ്പൻ. ഇന്ന് നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 12 പേരെ സന്ദർശിച്ചതിൽ അയ്യപ്പനും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വാക്കിൽ 100 ശതമാനം ഉറപ്പുണ്ടെന്ന് സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അയ്യപ്പൻ വ്യക്തമാക്കി.
ഇനിയുള്ള കാലം ജീവിക്കാനായി ഞങ്ങൾക്ക് സ്വന്തമായി ഒരു കൂര വേണമെന്ന് മാത്രമാണ് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച് ചേർത്തുപിടിച്ചാണ് അദ്ദേഹം ഉറപ്പ് തന്നത്. സുരേഷ് ഗോപിയും ഇക്കാര്യത്തിൽ ഉറപ്പ് തന്നു. സുരേഷ് ഗോപി ഒരിക്കലും ചതിക്കാത്ത വ്യക്തിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി ഇവിടെ എത്തിയതിലും സന്തോഷം ഉണ്ട് എന്നും അയ്യപ്പൻ വ്യക്തമാക്കി.
Discussion about this post