വയനാട് : വയനാട്ടിലെ ദുരന്തബാധിതർ ഒറ്റയ്ക്കല്ല, ഭാരതസർക്കാർ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നിരവധി പേരുടെ സ്വപ്നങ്ങൾ കൂടിയാണ് തകർന്നത്.
ദുരന്തത്തിൽ പെട്ടവരുടെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൽപ്പറ്റയിലെ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നാശനഷ്ടങ്ങളുടെ കണക്കുകൾ പൂർണമായി വ്യക്തമാക്കുന്ന ഒരു മെമ്മോറാന്റം കേന്ദ്രസർക്കാരിന് അയച്ചു നൽകാനായി പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങൾ ലഭിച്ചശേഷം ആയിരിക്കും വയനാടിന് നൽകുന്ന ദുരന്ത സഹായത്തെക്കുറിച്ച് കേന്ദ്രസർക്കാർ തീരുമാനമെടുക്കുക. വയനാടിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി.
പല ദുരന്തങ്ങളും നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്, അതിനാൽ വയനാട്ടിലെ ദുരന്തബാധിതരുടെ വിഷമം തനിക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ ഉണ്ടായ വിവരമറിഞ്ഞ ഉടൻ തന്നെ കേരള മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്രസേനയെയും വയനാട്ടിലേക്ക് വിന്യസിച്ചു. ഇനിയുള്ള കേന്ദ്രസർക്കാരിന്റെ സഹായങ്ങൾക്ക് ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ മെമ്മോറാന്റം ആവശ്യമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങി.
Discussion about this post