ഒരു പ്രത്യേക നൈപുണ്യത്തിലോ കായികരംഗത്തോ മറ്റ് തരത്തിലുള്ള പ്രവർത്തനങ്ങളിലോ രേഖപ്പെടുത്തപ്പെട്ടതും ഔദ്യോഗികമായി പരിശോധിച്ചുറപ്പിച്ചതുമായ ഏറ്റവും മികച്ച ആഗോള പ്രകടനമാണ് സാധാരണയായി ഒരു ലോക റെക്കോർഡ് .ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിക്കുക എന്നത് ചിലരുടെയെങ്കിലും ആഗ്രഹമായിരിക്കും. അതിനായി പല സാഹസികതകളിലും ഏർപ്പെട്ട് ജീവനിൽ തന്നെ ഭീഷണി ഉണ്ടാക്കുന്നവരുണ്ട്.
സ്വന്തം പേരിൽ 250 ലോകറെക്കോർഡ് ഉള്ള ആളെക്കുറിച്ച് അറിയാമോ? യുഎസ്എയിലെ ഐഡഹോയിൽ നിന്നുള്ള സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ആണ് ആ താരം. ഇപ്പോൾ ഒറ്റദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്ത നേട്ടമാണ് ഡേവിഡ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു ദിവസം കൊണ്ട് പല റെക്കോർഡുകൾ എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ, ഡേവിഡ് റെക്കോർഡുകൾ തകർത്തത് എങ്ങനെയെന്നത് എന്നെ കൂടുതൽ ആകർഷിച്ചു’ എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക വിധികർത്താവ് വിൽ സിൻഡൻ പറഞ്ഞത്.
ഡേവിഡ് റഷ് തകർത്ത ഗിന്നസ് റെക്കോർഡുകളും കേൾക്കുമ്പോൾ തന്നെ പൊളിയാണ്. മൂന്ന് ആപ്പിൾ വച്ച് അമ്മാനമാടുന്ന സമയത്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ ആപ്പിൾ കടിക്കുക എന്നത്. അടുത്തത്, ഏറ്റവും വേഗത്തിൽ 10 ടോയ്‌ലെറ്റ് പേപ്പർ റോളുകൾ അടുക്കി വയ്ക്കുക (ഒരു കൈകൊണ്ട്, 5.38 സെക്കന്റിനുള്ളിൽ).
ഒരു സ്‌ട്രോ വഴി ഒരു ലിറ്റർ നാരങ്ങാനീര് ഏറ്റവും വേഗത്തിൽ കുടിക്കുകയാണ് അടുത്തതായി ചെയ്തത്. 13.99 സെക്കൻഡാണ് ഇതിന് വേണ്ടി എടുത്ത സമയം. ഏറ്റവും വേഗത്തിൽ ടി ഷർട്ട് ധരിക്കുകയാണ് മറ്റൊന്ന്. 30 സെക്കന്റിൽ 20 എണ്ണം ധരിച്ചു. ഏറ്റവുമധികം ചോപ്സ്റ്റിക്കുകൾ ഏറ്റവും വേഗത്തിൽ ഒരു ലക്ഷ്യത്തിലേക്ക് എറിയുക എന്നതായിരുന്നു വേറൊന്ന്. ഒരു മിനിറ്റിൽ 39 എണ്ണമാണ് ഇങ്ങനെ എറിഞ്ഞത്. ഇതു കൂടാതെ വേറെയും അനവധി റെക്കോർഡുകൾ ഡേവിഡ് റഷ് തകർത്തിട്ടുണ്ട്.













Discussion about this post