എങ്ങും പോർവിളികൾ.. അസ്വസ്ഥത,പ്രതിഷേധം..മുറവിളി..കൂട്ടക്കരച്ചിൽ… അരക്ഷിതാവസ്ഥയിൽ നിന്നുകത്തുകയാണ് ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പോലും ബംഗ്ലാദേശിലെ തീയെ അണയ്ക്കാനായില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയിട്ട് പോലും രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാനായിട്ടില്ല. ഓരോ ദിവസം പുലരുമ്പോഴും നൂറ് നൂറ് ആവശ്യങ്ങൾ ഉയർന്നാണ് തെരുവുകൾ പ്രക്ഷുഭ്തമാകുന്നത്.
ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ആരെന്ന് പരസ്പരം പഴിചാരുകയാണ് രാജ്യത്തെ മുഖ്യഭരണപ്രതിപക്ഷാർട്ടികളും നേതാക്കളും. ഇപ്പോഴിതാ രാജ്യത്ത് ഭരണമാറ്റത്തിന് അമേരിക്ക ഗൂഢാലോചന നടത്തിയിരുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഷെയ്ഖ് ഹസീന.ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് അമേരിക്കയ്ക്ക് തന്നോടുള്ള വിരോധത്തിന് കാരണം. ഒരവസരം കിട്ടിയിരുന്നെങ്കിൽ ഇക്കാര്യങ്ങൾ വിളിച്ചുപറയുമായിരുന്നുവെന്നും ഹസീന പറഞ്ഞു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന, തന്റെ അടുപ്പക്കാർക്കയച്ച കത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.’മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തിന് സാക്ഷ്യം വഹിക്കാതിരിക്കാനാണ് താൻ രാജിവച്ചത്. സെന്റ് മാർട്ടിൻ ദ്വീപുകൾ അമേരിക്കയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു. എന്നാണ് ഷെയ്ഖ് ഹസീനയുടെ ആരോപണം. സമാനമായ ആരോപണം ഷെയ്ഖ് ഹസീന മുൻപും ഉയർത്തിയിട്ടുണ്ട്. തന്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നും പുതിയ ക്രിസ്ത്യൻ രാജ്യം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും ഷെയ്ഖ് ഹസീന നേരത്തെ ആരോപിച്ചിരുന്നു. ”ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ, എനിക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു” ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹസീന പറഞ്ഞിരുന്നു.
ഇപ്പോഴിതാ അമേരിക്ക കണ്ണുവച്ച ആ കുഞ്ഞൻ ദ്വീപ് ഏതെന്ന് അന്വേഷിക്കുകയാണ് സോഷ്യൽമീഡിയ.
ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മാർട്ടിൻസ് ദ്വീപ്, മ്യാൻമറിനടുത്തുള്ള ബംഗ്ലാദേശിന്റെ തെക്കേ അറ്റത്തുള്ള ഉപദ്വീപായ കോക്സ് ബസാർ-ടെക്നാഫിന്റെ അറ്റത്ത് നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ തെക്കായി ഒരു ചെറിയ പവിഴ ദ്വീപാണ്. ബംഗ്ലാദേശിലെ ഏക പവിഴ ദ്വീപാണിത്.മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ ദ്വീപിന് ഏകദേശം 3,700 നിവാസികൾ താമസിക്കുന്നുണ്ട്, അവർ പ്രധാനമായും മത്സ്യബന്ധനം, നെൽകൃഷി, തെങ്ങ് കൃഷി, കടൽപ്പായൽ വിളവെടുപ്പ് എന്നിവയിൽ ഏർപ്പെടുന്നു, ഇത് ഉണക്കി മ്യാൻമറിലേക്ക് കയറ്റുമതി ചെയ്യുന്നു.
തെങ്ങുകളുടെ സമൃദ്ധി കാരണം ഈ ദ്വീപിനെ ബംഗാളിയിൽ ‘നരിക്കേൽ ജിഞ്ജിറ’ അല്ലെങ്കിൽ തെങ്ങ് ദ്വീപ് എന്നും വിളിക്കുന്നു . ഇത് ‘ദാരുചിനി ഡ്വിപ്പ്’ അല്ലെങ്കിൽ കറുവപ്പട്ട ദ്വീപ് എന്നും അറിയപ്പെടുന്നു .
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ദ്വീപ് ടെക്‌നാഫ് പെനിൻസുലയുടെ ഭാഗമായിരുന്നു. ടെക്നാഫ് പെനിൻസുലയുടെ ഒരു ഭാഗം പിന്നീട് വെള്ളത്തിനടിയിലാവുകയും അതിന്റെ തെക്കേ അറ്റം ഭാഗം ബംഗ്ലാദേശിൽ നിന്ന് വേർപെടുത്തുകയും ഒരു ദ്വീപായി മാറുകയും ചെയ്തു. 18-ാം നൂറ്റാണ്ടിൽ അറബ് വ്യാപാരികളാണ് ഈ ദ്വീപിൽ ആദ്യമായി താമസമാക്കിയത്. ജാസിറ എന്നായിരുന്നു അറബികൾ ഈ ദ്വീപിനെ വിളിച്ചത്.ബ്രിട്ടീഷ് ഭരണകാലത്ത്, ചിറ്റഗോങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർ മാർട്ടിൻറെ പേരിലാണ് ഈ ദ്വീപിന് സെന്റ് മാർട്ടിൻസ് ദ്വീപ് എന്ന് നാമകരണം ചെയ്യപ്പെട്ടത്.
ബംഗ്ലാദേശും മ്യാൻമറും തങ്ങളുടെ സമുദ്രാതിർത്തി നിർണയിക്കുന്നതിലെ തർക്കത്തെ തുടർന്ന് ദ്വീപിന്മേൽ പരമാധികാര അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രദേശത്തിന് ചുറ്റുമുള്ള മത്സ്യബന്ധന അവകാശത്തെച്ചൊല്ലിയും ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. 2012-ൽ, ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ഓഫ് ദ സീ (ITLOS) അതിന്റെ വിധിയിൽ ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമാണെന്ന് വിധിച്ചിരുന്നു. പിന്നീട് 2018-ൽ, ബംഗ്ലാദേശ് സർക്കാർ മ്യാൻമറിന്റെ പുതിയ ഭൂപടത്തിൽ ദ്വീപിനെ അതിന്റെ പരമാധികാര പ്രദേശത്തിന്റെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു. പിന്നീടിത് തെറ്റ് പറ്റിയതാണെന്ന് മ്യാന്മർ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെവിടെ നിന്നും കടൽ മാർഗം എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് സെന്റ് മാർട്ടിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. അതിനാൽ ഇത് ഒരു പ്രധാന ജലപാതയാണ്. തന്ത്രപ്രധാനമായ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ബംഗാൾ ഉൾക്കടലും ചുറ്റുമുള്ള മുഴുവൻ കടൽ പ്രദേശവും സെന്റ് മാർട്ടിൻ ദ്വീപിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കും.
അതുകൊണ്ടു തന്നെ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഒമ്പത് കിലോമീറ്റർ നീളവും 1.2 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു.ഇന്ത്യ, ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമായതിനാൽ, അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സെന്റ് മാർട്ടിൻ ദ്വീപിനും വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്.
ഏഷ്യൻ ഭൂഖണ്ഡത്തിലെ ശക്തരായ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളുടെയും വളർച്ച അമേരിക്ക സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ഇരു രാജ്യങ്ങൾക്കും ലോകത്ത് വളരെയധികം സ്വാധീനവുമുണ്ട്. നാൾക്കുനാൾ അത് വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ എന്നും എപ്പോഴും ലോകത്തെ ശക്തികേന്ദ്രമായി നിലനിൽക്കാൻ താത്പര്യപ്പെടുന്ന അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു ചങ്ങലയിടാൻ ആഗ്രഹിക്കുന്നു. അതിനായി ഈ മേഖലയിൽ ഒരു സ്ഥലം ആവശ്യമാണ്. അവിടെ അമേരിക്കയക്ക് തങ്ങളുടെ സൈനിക സാനിധ്യം സജ്ജമാക്കാൻ കഴിയും. അതുകൊണ്ടാണ് ബംഗ്ലദേശിലെ സെന്റ് മാർട്ടിൻ ദ്വീപിലേക്ക് ശ്രദ്ധപതിപ്പിക്കുന്നത്.
Discussion about this post