വാഷിംഗ്ടൺ : മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ബന്ധമുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയിലെ ട്രംപിന്റെ കുടുംബ ബിസിനസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രസിഡന്റ് തള്ളിക്കളഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ തന്റെ നല്ലൊരു സുഹൃത്താണെന്നും ട്രംപ് വിശേഷിപ്പിച്ചു.
2018-ലാണ് വാഷിംഗ്ടൺ പോസ്റ്റ് പത്രപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അറിയാമായിരുന്നുവെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചുണ്ടായ ഖഷോഗിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷന് മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകിയിരുന്നു എന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ സൗദി കിരീടാവകാശിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏഴ് വർഷത്തിനിടെ ആദ്യമായി സൗദി നേതാവിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തതിനെ കുറിച്ച് വ്യക്തമാക്കുന്നതിനിടെ ആയിരുന്നു മാധ്യമപ്രവർത്തകർ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളെ കുറിച്ച് ട്രംപിനോട് ചോദിച്ചത്. തുടർന്ന് ഇന്റലിജൻസ് റിപ്പോർട്ട് തള്ളിയ ട്രംപ് സൗദി കിരീടാവകാശി ഇപ്പോൾ യുഎസിന്റെ അതിഥിയാണെന്നും അതിഥിയെ അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളും പെരുമാറ്റങ്ങളും ഉണ്ടാകരുത് എന്നും മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.









Discussion about this post