ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകേശനെ സംശയമുണ്ടെന്ന റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിനാണ് ലഭിച്ചത്. എന്നാല്‍, സുകേശനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുകേശനെ ശാസിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന എസ്പി ആര്.സുകേശനെതിരെ ക്രൈം ബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായി ഇന്ന് ആരോപണമുയര്‍ന്നിരുന്നു. കെ.എം.മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ടാണ് പരിഗണിക്കാതിരുന്ന വെളിപ്പെടുത്തല്‍ വിവാദമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
അന്വേഷണത്തിലും നടപടികളും ഗൂഢാലോചന ഉണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും രാജിവയ്ക്കും വരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടില്ലെന്നും ഒടുവില്‍ ആഭ്യന്തരമന്ത്രിക്കും അദ്ദേഹത്തിന്റെ അതേ ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യമന്ത്രിക്കുമെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പഴയ റിപ്പോര്‍ട്ട് പുറത്തായെന്നുമായിരുന്നു ആരോപണം.
Discussion about this post