ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വധശ്രമത്തിന് കേസ്. സംവരണ വിരുദ്ധ കലാപത്തിനിടെ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ നടപടി. ഹസീനയ്ക്ക് പുറമേ അനുയായികളായ ആറ് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
സംവരണവിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഉണ്ടായ അക്രമ സംഭവങ്ങളിലാണ് നടപടി. കഴിഞ്ഞ മാസം 19 ന് മുഹമ്മദ്പൂർ നഗരത്തിൽ തടിച്ച് കൂടിയ അക്രമി സംഘം അവിടുത്തെ സൂപ്പർമാർക്കറ്റിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയും ഉടമയെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഉടമ അബു സയീദിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസ് എടുത്തത്.
ഹസീനയ്ക്ക് പുറമേ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൾ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസാദുസ്സാൻ ഖാൻ കമാൽ, മുൻ പോലീസ് ഇൻസ്‌പെക്ടർ ജനറൽ ചൗധരി അബ്ദുള്ള എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസ്. ഇവർക്ക് പുറമേ ഉന്നത പോലീസ്, സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്.
നിലവിൽ നോബൽ അവാർഡ് ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹസീനയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
അതേസമയം ബംഗ്ലാദേശിൽ ഇപ്പോഴും അക്രമം തുടരുകയാണ്. ഇതിനോടകം തന്നെ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും ഹിന്ദുക്കളാണ്. സംവരണ വിരുദ്ധ പ്രക്ഷോഭം എന്ന പേരിൽ ഹിന്ദുക്കൾക്കെതിരെ വർഗ്ഗീയ കലാപം ആണ് ബംഗ്ലാദേശിൽ അരങ്ങേറുന്നത്.
Discussion about this post