മരണത്തിന്റെ ചുംബനം സമ്മാനിക്കുന്ന കില്ലാടി…പച്ചപ്പിന്റെ മഹാസാഗരമായ ആഫ്രിക്കയിലെ കിതയ്ക്കാത്ത മനുഷ്യരുടെ പേടിസ്വപ്നം… പറഞ്ഞുവരുന്നത് ബ്ലാക്ക് മാംബെയെ കുറിച്ചാണ്…രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപാമ്പ്. അതിശയകരമായ വേഗതയും ഇരയെ ആക്രമിച്ച് വീഴ്ത്താനുള്ള തന്റേടവും ഇവന്റെ പ്രത്യേകതകളിൽ ചിലത് മാത്രം..ബ്ലാക്ക് മാംബെയുടെ വാലറ്റം കണ്ടാൽ മതി… ആഫ്രിക്കൻ ജനത ഓടിയൊളിക്കാൻ. അത്രയേറെയാണ് അവൻ ആ ജനതയ്ക്ക് വരുത്തിവയ്ക്കുന്ന ജീവനഷ്ടം. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണത്രേ.
ഭീകരൻ മാത്രമല്ല കൊച്ചു സുന്ദരൻകൂടിയാണീ കൊലയാളിപാമ്പ്, ഭൂമിയിൽ വെള്ളിക്കൊലുസ് വീണുകിടക്കുന്നത് പോലെയാണ് ഇവന്റെ കിടപ്പ്… ഗോട്ടിപോലെയുള്ള കണ്ണുകളും വായിൽ ഉമിക്കരി കൊണ്ട് തേച്ച പാടുപോലെയുള്ള കറുപ്പ് നിറവും ആകെ മൊത്തം പാമ്പ് ലോകത്തെ വലിയ പരിഷ്‌കാരിയാണാള്. വായിലെ ഈ കറുപ്പ് തന്നെയാണ് ബ്ലാക്ക് മാംബെയ്ക്ക് ഈ പേര് വരാൻ കാരണം. വെസ്റ്റേൺ ഗ്രീൻ മാംബ, ഈസ്റ്റേൺ ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ടെങ്കിലും ബ്ലാക്ക് മാംബെയ്ക്കാണ് ആരാധകരേറെ. സ്വന്തം വാലറ്റം കടിച്ചുപിടിച്ച് ശരീരം വളയത്തിന്റെ ആകൃതിയിലാക്കി മലഞ്ചെരിവിലൂടെ ഉരുളുമെന്ന കെട്ടുകഥപോലും ബ്ലാക്ക് മാംബെയുടെ ആരാധകർ പറഞ്ഞുപരത്തിയിട്ടുണ്ട്.
പാമ്പ് ഫാൻസുകളുടെ മൂർഖേഷ് അഥവാ മൂർഖൻ പാമ്പുകൾ ഉൾപ്പെടുന്ന എലാപിഡേയാണ് ബ്ലാക്ക് മാംബെയുടെ കുടുംബം. പാമ്പ് ലോകത്തെ വേഗരാജാവായ ബ്ലാക്ക് മാംബെയ്ക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പറ്റുമത്രേ. ശരിക്കും പറഞ്ഞാൽ പാമ്പുകൾക്കിടയിലെ ഉസൈൻ ബോൾട്ട്. പക്ഷേ ഇത്രയും വേഗത ഉണ്ടായിട്ടെന്താ കാര്യം. ഇരയെ ആക്രമിക്കാനല്ല ശത്രുവിൽ നിന്ന് രക്ഷപ്പെടാനാണ് ഇവനീ കഴിവ് പുറത്തെടുക്കുന്നത്. പേടിയല്ല ചെറിയൊരു ഭയം… അല്ലേലും സ്വന്തം ജീവനിൽ അൽപ്പം കൊതിയില്ലാത്തവൻമാരായി ആരാണീ ഭൂലോകത്തുള്ളത്.
പൊതുവെ നാണം കുണുങ്ങിയും പരിഭ്രാന്തിയും കാണിക്കുന്ന ഇവൻ മനുഷ്യരെ കഴിയുന്നതും ഒഴിവാക്കാൻ നോക്കാറുണ്ട്. മനുഷ്യവാസമില്ലാത്ത സ്ഥലത്താണ് താമസവും. എന്നാലും സ്വന്തം സാമ്രാജ്യത്തിൽ കയറാൻ നോക്കിയാൽ അറഞ്ചം പുറഞ്ചം കടിക്കും.പൊതുവെ കാടുകയറാൻ പ്രിയമുള്ള ആഫ്രിക്കൻജനത അങ്ങനെയാണ് ബാക്ക് മാംബെയുടെ വായിലകപ്പെടുന്നത്. ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും. ഇതാണ് മരണകാരണമാകുന്നത്. ശരാശരി 120 മില്ലീഗ്രാം ആണ് ഇവ ഇരയുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന വിഷത്തിന്റെ അളവ്. പരമാവധി 400 മില്ലി ഗ്രാം വരെ കുത്തിവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടത്രേ. വിഷം കുത്തിവെക്കാനുള്ള ഇവന്റെ മികവ് ഓസ്ട്രേലിയയിലെ കോസ്റ്റൽ തായ്‌പാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു.
മാംബയുടെ വിഷത്തിൽ ന്യൂറോ ടോക്സിനും കാർഡിയോ ടോക്സിനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരേസമയം നാഡീ വ്യവസ്ഥയേയും രക്തചംക്രമണ വ്യവസ്ഥയേയും വിഷം ബാധിക്കും. പിന്നത്തെ കാര്യം പറയേണ്ടല്ലോ.. ബ്ലാക്ക് മാംബെയുടെ രണ്ട് തുള്ളി വിഷം മതി മനുഷ്യജീവൻ അപകടത്തിലാക്കാൻ. മാംബെയുടെ ഒരു പവറേ..
ഒരു പ്രായപൂർത്തിയായ ബ്ലാക്ക് മാംബക്ക് ഏകദേശം 2.5 മീ അഥവാ 8.2 അടി നീളം ഉണ്ടായിരിക്കും.14 അടി വരെ നീളം ഉള്ളവയും കാണപ്പെടുന്നുണ്ട്.ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇഷ്ടഭക്ഷണങ്ങൾ.
11 വർഷം വരെയും അപൂർവ്വം 20 വർഷം വരെയും ആയുസുണ്ട് ബ്ലാക്ക് മാംബെയ്ക്ക്. സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലം ഇവയുടെ പ്രജനന കാലമാണ്. 6 മുതൽ 20 വരെ മുട്ടകൾ ഇടുന്ന ഇവയ്ക്ക് മക്കളെ കഴുകൻ കണ്ണുകളിൽ നിന്നും സംരക്ഷിക്കുന്ന അമ്മമനസില്ല. മുട്ടയിടും വിരിയിക്കും പാട്ടിന് പോകും. വിരിഞ്ഞിറങ്ങിയാൽ തന്നെ 51 സെൻീമീറ്റർ നീളം വയ്ക്കുന്ന ബ്ലാക്ക് മാംബെ കുഞ്ഞുങ്ങൾ ജനിച്ചുവീഴുന്നതെ സ്വയംപര്യാപ്തരായിട്ടാണെന്ന് സാരം. വാ കീറിയ ദൈവം ഇരയെയും കൊണ്ട് തരുമെന്ന ലൈനിൽ വിശ്വസിക്കുന്ന ടീംസാണ് നമ്മുടെ ബ്ലാക്ക് മാംബ.
കൊലയാളിയാണെങ്കിലും ഐ.യു.സി.എൻ.റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന പാമ്പ് ആണ് ബ്ലാക്ക് മാംബ. എന്നാൽ തീവ്രമായ വംശനാശ ഭീഷണി ഇവർ നേരിടുന്നില്ല.. മനുഷ്യന്റെ ആവാസ വ്യവസ്ഥകൾ കൂടുതൽ വലുതാകുമ്പോൾ മാത്രമാണ് മാംബയ്ക്ക് പേടിക്കാനുള്ളത്.. അതുവരെ ആഫ്രിക്കക്കാരെ ഞെട്ടിച്ച് കൊണ്ട് മാംബ വിലസി നടക്കും.. ഇടപെട്ടാൽ ഇടയുകയും ചെയ്യും.
Discussion about this post