ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല . സിബിഐയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളിൽ സുപ്രീം കോടതി സിബിഐക്ക് നോട്ടീസയച്ചു. സിബിഐ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസിൽ സുപ്രീംകോടതി വാദം കേൾക്കും. ആഗസ്റ്റ് 23 നാണ് വാദം കേൾക്കുക.
നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യംനേടിയിട്ടുണ്ട്. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം കിട്ടിയാൽ മാത്രമാണ് കെജ്രിവാളിന് ജയിൽ മോചിതനാകാനാകൂ.
മുതിർന്ന എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ഇതേ കേസിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 17 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിന്റെ ജാമ്യം സുപ്രീം കോടതിയിലെത്തിയത്.
Discussion about this post