ന്യൂയോർക്ക്: കോവിഡ് 19 ന് സമാനമായ രീതിയിൽ ലോകത്ത് മങ്കിപോക്‌സ് ( കുരങ്ങുപനി) വ്യാപിക്കുന്നതായി ലോകാരോഗ്യസംഘടന ( ഡബ്ല്യു എച്ച് ഒ) . നിലവിൽ 116 രാജ്യങ്ങളിൽ രോഗവ്യാപനം സ്ഥിരീകരിച്ചതായി സംഘടന അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ ജഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങ്പനി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ വിലയിരുത്താനായി അടിയന്തിര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യങ്ങൾക്ക് മുന്നറിപ്പ് നൽകിയത്. രോഗബാധ സ്ഥിരീകരിച്ചാൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാനും നിർദ്ദേശമുണ്ട്.
2022 മുതലുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ രോഗവ്യാപനത്തിന്റെ തോത് വളരെ കൂടിയിട്ടുണ്ട്. ആദ്യ ഘട്ടങ്ങളിൽ കിഴക്കൻ, മദ്ധ്യ, കിഴക്കൻ ആഫ്രിക്കയിലാണ് രോഗം വ്യാപിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് അമേരിക്കൻ – യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു. അടുത്തിടെയായി രോഗികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.
ഓർത്തോപോക്‌സ്‌വൈറസ് ജീനിൽ ഉൾപ്പെടുന്ന എംപോക്‌സ് വൈറസ് ആണ് കുരങ്ങ് പനിയ്ക്ക് കാരണം ആകുന്നത്. 1958 ൽ ഡെൻമാർക്കിൽ കുരങ്ങന്മാരിൽ ആയിരുന്നു ഈ വൈറസ് ആദ്യം കണ്ടെത്തിയത്. ഇതേ തുടർന്നാണ് കുരങ്ങുപനിയെന്ന് പേര് നൽകിയത്.
വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ആയിരിക്കും ഈ വൈറസ് ബാധിച്ചാൽ ഉണ്ടാകുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 4 ആഴ്ചവരെ ആകുമ്പോൾ മാത്രമേ ലക്ഷണങ്ങൾ പ്രകടമാകുകയുള്ളൂ. ഇതിനോടകം തന്നെ സമ്പർക്കം പുലർത്തുന്നവരിലേക്കും ഈ വൈറസ് വ്യാപിച്ചിരിക്കും. വായുവിലൂടെയാണ് ഈ വൈറസുകളുടെ വ്യാപനം.
ആരോഗ്യമുള്ളവരെ വൈറസ് ബാധിച്ചാൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ല. എന്നാൽ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരിലെ വൈറസ് ബാധ ഗൗരവമുള്ളതാണ്. ഈ വിഭാഗക്കാർക്ക് മരണംവരെ സംഭവിച്ചേക്കാം.
ഇന്ത്യയിലും നേരത്തെ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 2022 ൽ കേരളത്തിൽ നിന്നുള്ള 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ രോഗമുക്തനായിരുന്നു.
Discussion about this post