ഡല്‍ഹി: മരുന്നു കമ്പനികളില്‍ നിന്ന് സമ്മാനവും കമീഷനും പറ്റി രോഗികള്‍ക്ക് മരുന്നുകള്‍ അടിച്ചേല്പിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിലക്കു വരുന്നു. മരുന്നുകമ്പനികളില്‍ നിന്നു പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് റദ്ദാക്കുന്ന ശുപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (എം.സി.ഐ) ഉടന്‍ പുറത്തിറക്കും. മുന്നറിയിപ്പിനുശേഷവും മരുന്നുകമ്പനികളുടെ താല്പര്യത്തിനൊത്തു പ്രവര്‍ത്തിച്ചാല്‍ ഡോക്ടര്‍മാര്‍ക്കു കടുത്തശിക്ഷ നല്കുന്ന രീതിയിലാണു മാര്‍ഗനിര്‍ദേശങ്ങള്‍.
5000 മുതല്‍ 10,000 രൂപവരെ മൂല്യമുള്ള പാരിതോഷികമോ മറ്റെന്തെങ്കിലും സൗജന്യമോ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ പേര് മൂന്നു മാസത്തേക്ക് ദേശീയസംസ്ഥാന രജിസ്റ്ററുകളില്‍നിന്ന് നീക്കം ചെയ്യും.
രജിസ്റ്ററില്‍ നിന്ന് നീക്കംചെയ്യപ്പെട്ട കാലയളവില്‍ പ്രാക്ടീസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയില്ല. ലക്ഷമോ അതിലേറെയൊ വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷമെങ്കിലും ജോലി നിര്‍ത്തിവെക്കേണ്ടിവരുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (തൊഴില്‍സമീപന, മര്യാദ, ധാര്‍മിക) ചട്ട ഭേദഗതി 2015ല്‍ പറയുന്നു.
നിയമലംഘകരായ ഡോക്ടര്‍മാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചാണ് ഭേദഗതി തയാറാക്കിയതെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സൗജന്യങ്ങള്‍ സ്വീകരിക്കരുതെന്ന് 2009ല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൃത്യമായ ശാസ്ത്രീയ പഠനനിരീക്ഷണങ്ങളിലൂടെ ഗുണകരമെന്ന് വെളിപ്പെടുകയും മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത ഉല്പന്നങ്ങള് നല്ലതെന്ന് ശുപാര്‍ശ ചെയ്ത് രോഗികള്‍ക്ക് നല്കുന്ന ഡോക്ടര്‍മാരും ഇനി കുടുങ്ങും. ആദ്യതവണ താക്കീതും ആവര്‍ത്തിച്ചാല്‍ ഇവരുടെ പേരുവെട്ടലുമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്.
ഏതാനും ദിവസം മുമ്പ് മഹാരാഷ്ട്രയില്‍ ആഭരണങ്ങളും ഫ്ളാറ്റുകളും വിദേശയാത്രകളും തരപ്പെടുത്തിയ 326 ഡോക്ടര്‍മാരെ മഹാരാഷ്ട്രയിലെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശങ്ങളടങ്ങിയ ഭേദഗതി.
Discussion about this post