തിരുവനന്തപുരം: സ്‌ക്രാച്ച് ആൻ വിൻ കാർഡിൽ നിന്നും ലഭിച്ച സമ്മാന തുക പ്രതീക്ഷിച്ച യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. 23 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട തിരുവനന്തപുരം സ്വദേശിനിയ്ക്ക് നഷ്ടമായത്. സംഭവത്തിൽ സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു യുവതിയ്ക്ക് കൊറിയറായി സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് ലഭിച്ചത്. ഇത് ചുരണ്ടി നോക്കിയപ്പോൾ എട്ട് ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഇതേ തുടർന്ന് കാർഡിൽ കണ്ട നമ്പറിൽ യുവതി ബന്ധപ്പെടുകയായിരുന്നു.
സമ്മാന തുക ലഭിക്കണമെങ്കിൽ ജിഎസ്ടിയും പ്രോസസിംഗ് ഫീസും നികുതിയും നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളായി യുവതി പണം നൽകുകയായിരുന്നു. 22.90 ലക്ഷം രൂപയാണ് യുവതി ഇവർക്ക് നൽകിയിരുന്നത്. തിരിച്ച് നൽകുമെന്ന തട്ടിപ്പ് സംഘത്തിന്റെ ഉറപ്പിന്മേലാണ് യുവതി ഇത്രയും പണം നൽകിയത്. എന്നാൽ പണം ലഭിച്ചില്ല.
അടുത്തിടെ യുവതിയുടെ പിതാവ് ഇക്കാര്യം അറിയുകയായിരുന്നു. ഇതോടെ പിതാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Discussion about this post