ലാസ് വെഗാസ് : അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ യുവാവിന് കൂടുതൽ സൗകര്യമൊരുക്കി കൊടുത്ത് ഹോട്ടൽ. സീസേഴ്‌സ് പാലസ് ഹോട്ടൽ യുവാവിന് ഹോട്ടൽ മുറി അപ്‌ഗ്രേഡ് ചെയ്ത് കൊടുക്കുകയായിരുന്നു. ഇഷാൻ ശർമ്മ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മുറി അപ്‌ഗ്രേഡ് ചെയ്തു തന്ന ഹോട്ടലിനോട് നന്ദി അറിയിച്ച ഇഷാൻ, ഇതോടൊപ്പം റൂമിലിരിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
”നിങ്ങൾ ഞങ്ങളുടെ റിസോർട്ടിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ട്! മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾക്ക് സന്ദേശം അയയ്ക്കാൻ മടിക്കേണ്ടതില്ല. ഇത് ലാസ് വെഗാസിലെ മികച്ച സമയമാകാൻ ആശംസിക്കുന്നു” യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായി ഹോട്ടലും രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് യുവാവ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചത്. ഹോട്ടലിലെത്തിയ തനിക്ക് ജീവനക്കാരിൽ നിന്ന് മോശം അനുഭവമാണ് നേരിടേണ്ടി വന്നത് എന്ന് ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ഇഷാൻ ഹോട്ടലിലെത്തിയത്. വിമാന യാത്രകഴിഞ്ഞ് ക്ഷീണിച്ചെത്തിയ ഇഷാന്റെ ലഗേജ് എടുത്ത് സഹായിക്കാൻ പോലും അവിടെയുണ്ടായിരുന്ന ജീവനക്കാർ തയ്യാറായില്ല. തുടർന്ന് യുവാവ് അവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. എന്നാൽ 14.99 ഡോളർ (1258 ഇന്ത്യൻ രൂപ) കൊടുത്ത് 200 എംഎല്ലിന്റെ വെള്ളം കുപ്പി വാങ്ങാൻ അവർ നിർദ്ദേശിക്കുകയായിരുന്നു.
തനിക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത് എന്നും ഒരു മടിയുമില്ലാതെ ടിപ്പ് ചോദിക്കുന്ന ഹോട്ടലുകൾ അവരുടെ കസ്റ്റമേഴ്സിന് വെള്ളം പോലും കൊടുക്കാത്തത് മര്യാദകേടാണ് എന്നുമാണ് 22 കാരൻ പറഞ്ഞത്. ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ വാടക 200 ഡോളർ (16,792 ഇന്ത്യൻ രൂപ) ആണ്. പോസ്റ്റിൽ സിസേഴ്സ് ഹോട്ടലിനെ ടാഗ് ചെയ്ത യുവാവ്, ഹോട്ടൽ റിസപ്ഷന്റെ ചിത്രവും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം കനത്തതോടെയാണ് യുവാവിന് ഹോട്ടൽ കൂടുതൽ സൗകര്യമൊരുക്കിക്കൊടുത്തത്.
Discussion about this post