കൊൽക്കത്ത : കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ കേന്ദ്ര തലത്തിൽ നിന്നുമുള്ള അടിയന്തര ഇടപെടൽ വേണമെന്ന് ഡോക്ടർമാരുടെ സംഘം ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി 48 മണിക്കൂറിനുള്ളിൽ കേന്ദ്രം ഓർഡിനൻസ് പാസാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
ബലാത്സംഗം, കൊലപാതകം എന്നിവയിൽ നീതിയുക്തമായ അന്വേഷണം ആരംഭിക്കണമെന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഓർഡിനൻസിന് ശേഷം വരാനിരിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായും സമഗ്രമായ ബിൽ അവതരിപ്പിക്കണമെന്നാണ് ഡോക്ടർമാർ ഡോക്ടർമാർ ഉന്നയിച്ചിരിക്കുന്ന മറ്റൊരു ആവശ്യം. ബിൽ പാർലമെൻ്റ് പാസാക്കി നിയമമായി പ്രാബല്യത്തിൽ വരുന്നതുവരെ പാസാക്കിയ ഓർഡിനൻസ് പ്രാബല്യത്തിൽ തുടരണമെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റകൃത്യം നടന്ന ആർജി കർ ആശുപത്രിയിൽ സിഎപിഎഫ് സേനയെ വിന്യസിക്കണമെന്നാണ് ഡോക്ടർമാർ ആരോഗ്യമന്ത്രിക്ക് മുൻപിൽ വച്ചിട്ടുള്ള മറ്റൊരു ആവശ്യം. ഇരയുടെ കുടുംബത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post