എറണാകുളം: കൊൽക്കത്തയിൽ വനിത ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടർന്ന് ആലുവയിലെ ഒപികൾ സ്തംഭിച്ചു. ഇതിനോടനുബന്ധിച്ച് നജാത്ത് ആശുപത്രി പരിസരത്ത് ഐഎംഎ ആലുവ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. ആലുവ നഗരത്തിലെ വിവിധ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തു.
ഐഎംഎ മധ്യമേഖല പ്രസിഡന്റ് ഡോക്ടർ ജ്യോതിഷ് ആർ നായർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൊൽക്കത്തയിൽ നടന്ന അതിക്രൂരമായ സംഭവം ഭരണകൂടം നിസ്സാരവൽക്കരിച്ച് കാണരുതെന്ന് ഡോക്ടർ ജ്യോതിഷ് ആർ നായർ പറഞ്ഞു. ഇത് ആസൂത്രിതമായ ആക്രമണമാണ്.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമത്തിൽ ആലുവ നജാത്ത് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മൊഹിയുദ്ദീൻ ഹിജാസ് സ്വാഗതം പറഞ്ഞു. ആശുപത്രിയിലെ നിരവധി നേഴ്‌സുമാരും ജീവനക്കാരും പങ്കെടുത്തു.
Discussion about this post