ബെർലിൻ : ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. 2026ൽ നടക്കുന്ന ലോകകപ്പിൽ ജർമ്മനിയുടെ ദേശീയ ടീമിനെ നയിക്കാൻ ഇല്ലെന്നും അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്നും ചൊവ്വാഴ്ചയാണ് ഗുണ്ടോഗൻ പ്രഖ്യാപിച്ചത്. ഏതാനും ആഴ്ചകൾ ചിന്തിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും ഇൽകെ ഗുണ്ടോഗൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തി.
“2011ൽ സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചപ്പോൾ ഞാൻ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു പിന്നീടുള്ള എന്റെ കരിയറിൽ ഉണ്ടായത്. എന്റെ മാതൃരാജ്യത്തിനായി 82 മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നുള്ളത് ഞാൻ അഭിമാനത്തോടെയാണ് തിരിഞ്ഞുനോക്കുന്നത്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിക്കാൻ ആയതും വലിയ ബഹുമതിയായി കണക്കാക്കുന്നു” എന്നും ഇൽകെ ഗുണ്ടോഗൻ വിരമിക്കൽ പോസ്റ്റിൽ വ്യക്തമാക്കി.
ജർമ്മനിയുടെ ദേശീയ ടീമിലും ബാഴ്സലോണയിലും വമ്പൻ പ്രകടനങ്ങളുമായി നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് 33കാരനായ ഇൽകെ ഗുണ്ടോഗൻ. ജർമൻ ദേശീയ ടീമിനായി 82 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ താരം നേടിയിട്ടുണ്ട്. ക്ലബ് തലത്തിൽ നേരത്തെ ബോറൂസിയ ഡോർട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ ടീമുകൾക്കായും ഗുണ്ടോഗൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആയിരുന്നു അദ്ദേഹം ബാഴ്സലോണയിൽ എത്തിയിരുന്നത്. അന്താരാവിൽ നിന്നും വിരമിച്ച ശേഷം ബാഴ്സലോണ വിട്ട് തിരികെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകും എന്നാണ് ഇൽകെ ഗുണ്ടോഗൻ നൽകുന്ന സൂചന.
Discussion about this post