കഴിഞ്ഞ ഏഴ് മാസത്തിനിടെ നിരവധി തവണയാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് ആഞ്ഞ് വീശിയത്. വരും ദിവസങ്ങളിലും സൗരക്കാറ്റിനുള്ള സാദ്ധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സൂര്യനിൽ കണ്ട് തുടങ്ങിയതോടെയാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയത്. അടുത്തിടെ സൂര്യനിൽ ഉണ്ടായ പൊട്ടിത്തെറിയും ഇതേ തുടർന്നുണ്ടായ സൗരക്കാറ്റുമെല്ലാം താരതമ്യേന ശക്തമായിരുന്നു. എന്നാൽ ഇവയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ ഭൂമിയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇത് ആശ്വാസകരമാണെങ്കിലും വരും നാളുകളിൽ ഇതായിരിക്കില്ല സ്ഥിതിയെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശിയിരുന്നു. ഇത് ഭൂമിയുടെ കാന്തിക വലയം പൂർണമായി നശിപ്പിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത് ഭൂമിയുടെ മാഗ്നെറ്റോസ്ഫിയരറിൽ മാറ്റം ഉണ്ടാക്കി. ഇത് സൂര്യനും ഭൂമിയും തമ്മിൽ ഒരു ഹൈവേ രൂപപ്പെടുന്നതിനും കാരണം ആയി. ഇത് സൂര്യനും ഭൂമിയിലും ചാർജുള്ള കണങ്ങൾ പരസ്പരം കൈമാറുന്ന സാഹചര്യത്തിലേക്കും നയിച്ചു ( സാധാരണയായി സൂര്യനാണ് ചാർജുള്ള കണങ്ങൾ ഭൂമിയിലേക്ക് പുറന്തള്ളാറുള്ളത്) . രണ്ട് മണിക്കൂർ നേരമായിരുന്നു ഈ പ്രതിഭാസം തുടർന്നത്. ഇതേ തുടർന്ന് ലോകമെമ്പാടും ധ്രുവതീപ്തി പ്രത്യക്ഷപ്പെട്ടിരുന്നു. സമാന തരത്തിലുള്ള സാഹചര്യങ്ങൾ വരും നാളുകളിലും ഉണ്ടാകുമെന്നാണ് ഗവേഷകരുടെ അനുമാനം.
നിലവിൽ മൂന്ന് ശക്തമായ പൊട്ടിത്തെറികൾ ആണ് സൂര്യനിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ ഓഗസ്റ്റ് എട്ടിനുണ്ടായ പൊട്ടിത്തെറി ശക്തമായിരുന്നു. ഇത് രൂപം നൽകിയ സൗരക്കാറ്റ് ഭൂമിയിലേക്ക് സെക്കൻഡിൽ 1000 കിലോ മീറ്റർ വേഗതയിലാണ് എത്തുന്നത് എന്നാണ് സ്‌പേസ് ഡോട്ട് കോം പങ്കുവയ്ക്കുന്ന വിവരം. അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ആകും ഇത് ബാധിക്കാൻ സാദ്ധ്യത.
സൗരക്കാറ്റ് പതിവാകുന്ന പശ്ചാത്തലത്തിൽ നാസ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ സൗരക്കാറ്റ് ഭൂമിയിൽ പതിച്ചാൽ അര മണിക്കൂറിനുള്ളിൽ ലോകം ഇല്ലാതാകും. അതുകൊണ്ട് തന്നെ ഓരോ തവണ സൗരക്കാറ്റ് രൂപപ്പെടുമ്പോഴും ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്.
Discussion about this post