ഡല്‍ഹി: ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള വിലക്കു ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്നു വാദം ആരംഭിക്കും. വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ഈ പ്രായത്തിലുള്ള സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ശബരിമലയുടെ ആചാര സാഹചര്യങ്ങള്‍ കണക്കിലെടുത്തു 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്. സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്ന വാദം തെറ്റാണെന്നും എല്ലാ മതക്കാര്‍ക്കും പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഭരണഘടന വിലക്കാത്തിടത്തോളം കാലം അവിടെ സ്ത്രീകളെ തടയുന്നതെങ്ങനെനയെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ഡിവിഷന് ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു.
ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് എന്ന സംഘടന പത്തുവര്‍ഷം മുന്‍പു നല്കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി. രമണ്ണ, ജസ്റ്റിസ് പി.ടി. ഘോഷ് എന്നിവരാണു പ്രത്യേക ബെഞ്ചിലെ മറ്റംഗങ്ങള്‍. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നു 2008ല്‍ ഇടതുസര്‍ക്കാര്‍ തങ്ങളുടെ വ്യത്യസ്ത നിലപാടു സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി കേസ് ഇപ്പോഴാണു പരിഗണിക്കുന്നത്.
Discussion about this post