സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് ജിതിൻ ജേക്കബ്. ‘വില്ലന്മാരുടെ’ പേരുകൾ ഇല്ലാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ മേഖലയിൽ ഇപ്പോൾ അന്തസ്സോടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പോലും എതിരാണ്. ഇതോടെ ഇനി മലയാള സിനിമയിൽ നിന്നും മലയാളി നടിമാർ അകറ്റിനിർത്തപ്പെടുകയും കൂടുതൽ പ്രൊഫഷണൽ ആയ അന്യഭാഷ നടിമാർ കടന്നു വരികയും ചെയ്യുമെന്നും ജിതിൻ ജേക്കബ് വ്യക്തമാക്കുന്നു.
ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏതാണ്ട് ഒരു കോടി രൂപ മുടക്കി, 2017 ൽ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മേഖലയിൽ അന്തസോടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എതിരെയുള്ള റിപ്പോർട്ട് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
പുറത്തു വിട്ട റിപ്പോർട്ടിൽ ‘വില്ലന്മാരുടെ’ പേരുകൾ ഇല്ല, എല്ലാം ഊഹാപോഹങ്ങൾ മാത്രം. അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറയുന്നത് അല്ലാതെ ആര് എപ്പോൾ ചെയ്തു എന്നൊന്നും ആരും പറയുന്നില്ല. ഇത്രയും പിന്തുണ സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടും സിനിമ മേഖലയിലെ ഒരു സ്ത്രീയും, സ്ത്രീ കൂട്ടായ്മകളും സിനിമ മേഖലയിലെ ‘വില്ലന്മാരുടെ പേരുകൾ’ ഇപ്പോഴും പുറത്ത് പറയുന്നില്ല.
അതേസമയം സിനിമ മേഖലയിലെ സ്ത്രീകൾ മോശക്കാരികൾ ആണെന്ന് കാണിക്കാൻ ഈ മേഖലയിലെ സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നതാണ് രസകരമായ കാര്യം.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന നടൻമാർ ആരാണ് എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല, അതേസമയം റിപ്പോർട്ടിൽ പറയുന്ന നടിമാരുടെ പേരുകൾ എല്ലാവർക്കും മനസിലാകുകയും ചെയ്യും. ഇപ്പോൾ അവർക്ക് നേരെയാണ് സൈബർ ആക്രമണങ്ങൾ..!
അതായത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ പേരിലും ആക്രമിക്കപ്പെടുന്നത് നടിമാർ തന്നെയാണ് എന്ന് ചുരുക്കം..!
എല്ലാ മേഖലയിലും ഉള്ള പ്രശ്നങ്ങൾ സിനിമ മേഖലയിലും ഉണ്ട് എന്നല്ലാതെ, ഇപ്പോഴത്തെ ആരോപണങ്ങളിൽ പലതും അസൂയയിൽ നിന്നും, കഴിവില്ലായ്മയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് എന്നാണ് എന്റെ അഭിപ്രായം.
‘NO’ എന്ന് പറയാൻ ഇവർക്ക് അറിയില്ലേ..? ആരെങ്കിലും മോശമായി പെരുമാറിയാൽ നിയമപരമായി നേരിടാൻ ഉള്ള കഴിവില്ലേ..? പ്രതികരിച്ചാൽ അവസരം പോകും എന്ന് കരുതി പ്രതികരിക്കാതിരുന്നു എന്ന് പറയുന്നത് വെറും തറ ന്യായീകരണം മാത്രമാണ്. അത്തരക്കാർ സിനിമ മേഖലയിൽ എന്നല്ല ഏത് മേഖലയിലും ചൂഷണത്തിന് നിന്ന് കൊടുക്കേണ്ടി വരും.
ഇപ്പോൾ ഉണ്ടാക്കി വെക്കുന്ന ഒരു ഇമേജ്, സിനിമാ രംഗത്ത് ഉന്നതിയിൽ നിൽക്കുന്ന സ്ത്രീകൾ എല്ലാം ‘മോശപെട്ട കാര്യങ്ങൾ’ ചെയ്ത് ഈ മേഖലയിൽ വന്നവരാണ് എന്നതാണ്.
നിങ്ങൾ എത്രയൊക്കെ ‘സഹകരിച്ചു’ എന്ന് പറഞ്ഞാലും ഒരു സിനിമ അല്ലെങ്കിൽ രണ്ട് സിനിമ അത്രേയുള്ളൂ, സിനിമ ഇൻഡസ്ട്രിക്ക് വേണ്ട പ്രൊഫഷണൽ മികവ് ഇല്ല എങ്കിൽ നിങ്ങൾക്ക് ഇൻഡസ്ട്രിയൽ പിടിച്ചു നിൽക്കാൻ കഴിയില്ല. സ്വന്തം കഴിവ് കൊണ്ടും, പ്രൊഫഷണൽ മികവ് കൊണ്ടും ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുന്ന സ്ത്രീകളോടുള്ള അസൂയ ഈ ആരോപണങ്ങൾക്ക് പിന്നിൽ ഉണ്ട് എന്നത് സത്യമല്ലേ..?
സിനിമ മേഖലയിൽ അവസരം ഉള്ള അല്ലെങ്കിൽ തിരക്കുള്ള നടിമാർ എല്ലാം അങ്ങനെ ആണെന്ന് വരുത്തി തീർക്കുമ്പോൾ ഒരു മനസുഖം. ഇതിന്റെ എല്ലാം പിന്നിൽ സിനിമയിലെ തന്നെ സ്ത്രീകൾ ആണെന്നതാണ് എടുത്ത് പറയേണ്ടത്.
Professional jealousy, ഗ്രൂപ്പിസം എന്നിവയിൽ നിന്നൊക്കെ രൂപം കൊണ്ട ആരോപണങ്ങൾ ആണ് പലതും. അല്ലായിരുന്നു എങ്കിൽ നിയമപരമായി രൂപം കൊണ്ട കമ്മിഷന് മുന്നിൽ നൽകിയ മൊഴികൾ പരസ്യമായി പറയാൻ എല്ലാവരും മുന്നോട്ട് വരുമായിരുന്നു. മൊഴി കൊടുത്താൽ മതി, പൊലീസിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തും. അതിന് ആരും തയാർ അല്ല എന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്..?
‘ഹേമ കമ്മറ്റി’ റിപ്പോർട്ട് പൂർണമായും പുറത്ത് വിടണം എന്ന് എത്ര സിനിമാ നടിമാർ ആവശ്യപ്പെട്ടു..? റിപ്പോർട്ടിന്റെ മുക്കും മൂലയും മാത്രം പുറത്ത് വിട്ടിട്ട്, ഇത് സിനിമയിലെ സ്ത്രീകളുടെ വിജയം എന്നൊക്കെ പറഞ്ഞ് ആഹ്ലാദപ്രകടനം നടത്തുന്ന സിനിമയിലെ വനിതാ കൂട്ടായ്മകൾ ഒക്കെ എത്ര അശ്ലീലം ആണെന്ന് നോക്കൂ..! അവരെ സംബന്ധിച്ച് അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടന്നു. കുറെ ഊഹാപോഹങ്ങൾ പരത്താനും പറ്റി, സിനിമയിൽ തിളങ്ങി നിൽക്കുന്ന സ്ത്രീകളെ പൊതുമധ്യത്തിൽ മോശക്കാർ ആക്കാനും പറ്റി..!
ഈ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടു കൂടി മലയാളി സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ടായിരുന്ന അവസരങ്ങൾ കൂടി മലയാളം സിനിമയിൽ കുറയാനെ സാധ്യത ഉള്ളൂ. പ്രൊഫഷണൽസ് ആയ അന്യസംസ്ഥാന നടിമാർ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കും. അതാണ് ഇതിന്റെ ബാക്കി പത്രം.
Discussion about this post