കീവ് : യുക്രൈൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ കീവിലേക്ക് എത്തുക രാജ്യത്തിന്റെ ആഡംബര ട്രെയിനിൽ. യുക്രേനിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് പോളണ്ടിൽ നിന്നും കീവിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര ഒരു ദിവസത്തോളം നീണ്ടു നിൽക്കുന്നതായിരിക്കും. ട്രെയിൻ ഫോഴ്‌സ് വൺ എന്ന അത്യാഡംബര ട്രെയിൻ ആണ് യുക്രൈൻ മോദിയുടെ യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.
നേരത്തെ യുക്രെയ്ൻ സന്ദർശിച്ചിട്ടുള്ള ലോക നേതാക്കളിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ എന്നിവരാണ് മുൻപ് ട്രെയിൻ ഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്തിട്ടുള്ളത്. ജോലിക്കും വിശ്രമത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത മരം കൊണ്ട് നിർമ്മിച്ച ആഡംബര ക്യാബിനുകളാണ് ഈ ട്രെയിനിലുള്ളത്. ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാൽ വിശ്രമത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ ട്രെയിനിൽ ലഭ്യമായിരിക്കും. അതോടൊപ്പം തന്നെ നിർണായക മീറ്റിങ്ങുകൾ നടത്തണമെങ്കിൽ ആവശ്യമായ സൗകര്യങ്ങളും ട്രെയിൻ ക്യാബിനുകളിൽ ഉണ്ട്. വലിയ കോൺഫറൻസ് ടേബിളുകൾ, പ്ലഷ് സോഫകൾ, വാൾ ടിവികൾ എന്നീ സൗകര്യങ്ങളും ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
റഷ്യയിൽ നിന്നും ഉയരുന്ന ഭീഷണികൾക്കിടയിലും യുക്രൈനിൽ റെയിൽ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തിൻ്റെ വൈദ്യുത ശൃംഖലകൾക്കും വൈദ്യുതി ഉൽപാദന സൗകര്യങ്ങൾക്കും റഷ്യ വരുത്തിയ സാരമായ കേടുപാടുകൾ കാരണം യുക്രെയ്ൻ ഇലക്ട്രിക് ലോക്കോമോട്ടീവുകളിൽ നിന്ന് ഡീസൽ എഞ്ചിനുകളിലേക്ക് മാറിയിട്ടുണ്ട് . യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ അന്താരാഷ്ട്ര നയതന്ത്ര യാത്രകൾക്കായും റെയിൽവേ ശൃംഖലയെ ആണ് ആശ്രയിക്കാറുള്ളത്.
Discussion about this post