എറണാകുളം : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണം തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് ആണ് നിർമ്മാണത്തിന് സ്റ്റേ നൽകിയിരിക്കുന്നത്. പുതിയ ഭസ്മക്കുളം നിർമ്മാണത്തിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്ന് കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിയാലോചനകൾ ഇല്ലാതെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്ന് കോടതിയിൽ നിന്നും ദേവസം ബോർഡിനെതിരെ വിമർശനം ഉയരുകയും ചെയ്തു.
പുതിയ ഭസ്മക്കുളം നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉന്നതാധികാര സമിതി, പോലീസ്, സ്പെഷ്യൽ കമ്മീഷണർ എന്നിവരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. പൂർണ്ണമായും ആധുനിക രീതിയിലുള്ള ശുദ്ധീകരണ സംവിധാനങ്ങൾ അടങ്ങിയ പുതിയ ഭസ്മക്കുളം ആണ് ശബരിമലയിൽ നിർമ്മിക്കാൻ ഒരുങ്ങിയിരുന്നത്.
ശബരി ഗസ്റ്റ് ഹൗസിന് സമീപം കൊപ്രകളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ശബരിമലയിലെ പുതിയ ഭസ്മക്കുളം നിർമ്മിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു പുതിയ ഭസ്മ കുളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്തിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ ചേർന്നായിരുന്നു തറക്കല്ലിടൽ കർമ്മം നിർവഹിച്ചിരുന്നത്.
Discussion about this post