തിരുവനന്തപുരം : നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
വിനോദ് വധക്കേസിലെ ഒന്നാംപ്രതി പരവൂർ സ്വദേശി ഉണ്ണിയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിനോദ് കൊല്ലപ്പെട്ടിരുന്നത്. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ ഉണ്ണിയും മറ്റു സുഹൃത്തുക്കളും ചേർന്ന് വിനോദിനെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിയിരിക്കാനായി എത്തിയതായിരുന്നു വിനോദ്. ഈ സമയം ആശുപത്രിയിലേക്ക് ചോര ഒലിപ്പിച്ചുകൊണ്ട് കടന്നുവന്ന പ്രതികളോട് എന്ത് പറ്റിയെന്ന് ചോദിച്ചതാണ് പ്രകോപനമായത്. തുടർന്ന് പ്രതികൾ വിനോദിനെ മർദ്ദിക്കുകയും കത്തിയെടുത്ത് കുത്തുകയും ആയിരുന്നു.
Discussion about this post