റാഞ്ചി : രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ. തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ ഭൂരിഭാഗവും സമർപ്പിച്ചിട്ടുള്ള പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയിൽ തുടരാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും ചമ്പായി സോറൻ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാർട്ടിയോടൊപ്പം തന്നെ പുതിയ സഖ്യത്തിനുള്ള സാധ്യതയും ചമ്പായി സോറന്റെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
“രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നില്ല പകരം പുതിയ പാർട്ടി ഉണ്ടാക്കി എന്റെ ആശയങ്ങളെ ശക്തിപ്പെടുത്തും. വഴിയിൽ ഒരു നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാൽ, അവർക്കൊപ്പം മുന്നോട്ട് പോകും” എന്നാണ് ചമ്പായി സോറൻ ഭാവി സഖ്യങ്ങളുടെ സാധ്യതയെപ്പറ്റി മാദ്ധ്യമങ്ങൾക്കു മുൻപിൽ മനസ്സ് തുറന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും കരുതുന്നുണ്ടായിരിക്കും. എന്നാൽ എന്റെ പുതിയ രാഷ്ട്രീയ പാർട്ടിയിലേക്ക് ദിവസം മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം വരെ ആളുകൾ വരാനായി തയ്യാറായി നിൽക്കുന്നുണ്ട്. അധികാരത്തിനോട് ആർത്തി ഇല്ലാത്തതിനാൽ ഒരു സ്ഥാനവും താൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ് ജെഎംഎം വിടുന്നത് എന്നും ചമ്പായി സോറൻ വ്യക്തമാക്കി.
Discussion about this post