ടെഹ്‌റാൻ : പരിഷ്കരണ വാദിയായ പുതിയ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിൽ പുതിയ ഭരണപരിഷ്കാരങ്ങൾക്ക് ഒരുങ്ങുകയാണ് ഇറാൻ. മാറ്റങ്ങളുടെ ഭാഗമായി മുഴുവൻ ക്യാബിനറ്റ് അംഗങ്ങളെയും പ്രസിഡണ്ടിന് തിരഞ്ഞെടുക്കാനുള്ള പരമാധികാരം നൽകിയിരിക്കുകയാണ് ഇറാൻ പാർലമെന്റ്. 2001ന് ശേഷം ആദ്യമായാണ് ക്യാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രസിഡണ്ടിന് പരമാധികാരം ലഭിക്കുന്നത്.
19 പേരടങ്ങുന്ന ക്യാബിനറ്റ് അംഗങ്ങളെയാണ് ഇറാൻ പ്രസിഡണ്ട് പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇറാൻ്റെ പുതിയ വിദേശകാര്യ മന്ത്രിയാകുന്ന തൊഴിൽ നയതന്ത്രജ്ഞൻ അബ്ബാസ് അരാഗ്‌ചി ഉൾപ്പെടെയുള്ള എല്ലാ ക്യാബിനറ്റ് അംഗങ്ങൾക്കും ഉച്ചകഴിഞ്ഞുള്ള വോട്ടെടുപ്പിൽ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. കൂടുതൽ അധികാരങ്ങളോടെ പ്രസിഡന്റ് സ്ഥാനത്ത് മസൂദ് പെസെഷ്‌കിയാൻ എത്തുന്നതോടെ ഇറാനിൽ നിലവിലുള്ള കടുത്ത മത നിയമങ്ങൾക്ക് ലഘൂകരണം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
ആണവ കരാറുമായി ബന്ധപ്പെട്ട് യുഎസുമായുള്ള ഇറാനിയൻ ചർച്ചകൾക്ക് മേൽനോട്ടം വഹിച്ച നയതന്ത്രജ്ഞനാണ് ഇറാന്റെ പുതിയ വിദേശകാര്യ മന്ത്രിയായി സ്ഥാനമേൽക്കുന്ന അബ്ബാസ് അരാഗ്ചി. 2018-ൽ അന്നത്തെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ കരാറിൽ നിന്ന് പിൻവലിക്കുകയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്ന് തൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെസെഷ്‌കിയൻ ഇറാനിയൻ ജനതയ്ക്ക് ഉറപ്പുനൽകിയിരുന്നു.
Discussion about this post