വാഴ്സോ : പോളണ്ട് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഊഷ്മളമായ സ്വീകരണം. നരേന്ദ്രമോദിയെ കാണാൻ എത്തിയ ആവേശഭരിതരായ ജനക്കൂട്ടം വാഴ്സോയിലെ റാഫിൾസ് യൂറോപ്പ്‌സ്കി വാഴ്സോ ഹോട്ടലിൽ ഇന്ത്യൻ പതാകകൾ വീശിക്കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രിക്കായി പരമ്പരാഗത ഗുജറാത്തി നൃത്തവും ഇന്ത്യൻ സമൂഹം അവതരിപ്പിച്ചു.
കഴിഞ്ഞ 45 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് പോളണ്ട് സന്ദർശിക്കുന്നത്. വാഴ്സോയിൽ ആവേശഭരിതമായ ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പോളണ്ട് സന്ദർശിക്കുന്ന പ്രധാനമന്ത്രി പ്രസിഡൻ്റ് ആൻഡ്രേജ് സെബാസ്റ്റ്യൻ ഡൂഡയുമായി ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടത്തും. പോളിഷ് കൗൺസിലർ ഡൊണാൾഡ് ടസ്കുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നതായിരിക്കും.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിൽ എത്തിയിട്ടുള്ളത്. വാഴ്സോയിൽ നടന്ന സ്വീകരണത്തിൽ വളരെ ആഹ്ലാദഭരിതനായാണ് അദ്ദേഹം പങ്കെടുത്തത്. ഇന്ത്യൻ നൃത്ത പരിപാടികൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ച അദ്ദേഹം കലാകാരന്മാർക്കൊപ്പം ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പോളണ്ട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശനത്തിന് തിരിക്കുന്നതാണ്.
Discussion about this post