ന്യൂഡൽഹി; രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അജ്മീർ ബലാത്സംഗ കേസിൽ ആറ് പ്രതികൾക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സംഭവം നടന്ന് 32 വർഷത്തിന് ശേഷമാണ് സുപ്രധാനവിധി.നൂറോളം വിദ്യാർഥിനികളെ ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിലാണ് ആറുപേർക്ക് പോക്സോ കോടതി ജീവപര്യന്തം തടവും അഞ്ചുലക്ഷം വീതം പിഴയും വിധിച്ചത്. നഫീസ് ചിസ്തി, നസീം എന്ന ടാർസൻ, സലിം ചിഷ്തി, ഇഖ്ബാൽ ഭാട്ടി, സൊഹൈൽ ഗനി, സയ്യിദ് സമീർ ഹുസയ്ൻ എന്നിവരെയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്.
ആകെയുള്ള 18 പ്രതികളിൽ ഒമ്പത് പേർക്ക് നേരത്തേ ശിക്ഷ വിധിച്ചിരുന്നു. നാലുപേരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.നൂറോളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അജ്മീർ ദർഗയിലെ ഉന്നതർക്കും ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു.
1992 ൽ ദൈനിക് നവ ജ്യോതിയെന്ന പത്രത്തിലെ മാദ്ധ്യമപ്രവർത്തകനായിരുന്ന സന്തോഷ് ഗുപ്തയാണ് അജ്മീർ പീഡനം ലോകത്തെ അറിയിച്ചത്. ഒരു പെൺകുട്ടിയുടെ ചിത്രം ഫോട്ടോ ലാബിൽ നിന്നും ചോർന്ന് സന്തോഷ് ഗുപ്തയുടെ കൈയ്യിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വലിയ നേതാക്കളുടെ മക്കളും ബ്ലാക് മെയിലിംങ്ങിന്റെ ഇരയാണ് എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഗുപ്ത വാർത്ത പ്രസിദ്ധീകരിച്ചത്.17 മുതൽ 20 വയസ്സുവരെയുള്ള 100 ലധികം പെൺകുട്ടികൾ സെക്സ് റാക്കറ്റിൽ ഇരയാക്കപ്പെട്ടിരുന്നു. സംഘത്തിലെ അംഗങ്ങൾ അജ്മീറിലെ ഒരു സ്വകാര്യ സ്‌കൂളിലും ഒരു കോളേജിലും പഠിക്കുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഫോട്ടോകൾ ഷൂട്ട് ചെയ്യുകയും ഒരു ഫാംഹൗസിൽ വച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു, അവിടെ വച്ച് അവർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇരകൾ അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ നിർബന്ധിതരായി.
Discussion about this post