ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബിലേക്കും എത്തി. വ്യത്യസ്ത സമൂഹമാദ്ധ്യമങ്ങളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റൊണാൾഡോ ഇതുവരെ യൂട്യൂബ് ചാനൽ ആരംഭിക്കാത്തതിൽ ആരാധകർ നിരാശയിലായിരുന്നു. ഒടുവിൽ അദ്ദേഹം യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ ആരാധകരുടെ വലിയ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്.
യു ആർ എന്ന രണ്ടക്ഷരം വച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. പുതിയ ചാനൽ ആരംഭിച്ചതായി താരം സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതോടെ ഓരോ നിമിഷവും ആയിരക്കണക്കിന് പേരാണ് പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. വിവിധ സമൂഹമാദ്ധ്യമങ്ങളിലായി 917 മില്യൺ ഫോളോവേഴ്സ് ആണ് റൊണാൾഡോയ്ക്കുള്ളത്.
“കാത്തിരിപ്പിന് അവസാനമായിരിക്കുന്നു, ഈ പുതിയ യാത്രയിൽ എന്നോടൊപ്പം പങ്കുചേരൂ” എന്ന കുറിപ്പോടെയാണ് തന്റെ യൂട്യൂബ് ചാനലിനെ കുറിച്ചുള്ള വിവരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ചത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിന്റെയും സൗദി അറേബ്യൻ പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന്റെയും ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരവും റൊണാൾഡോ ആണ്.
Discussion about this post