തൃശ്ശൂർ : കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയായ അസം സ്വദേശിനിക്കായുള്ള തിരച്ചിലിനിടയിൽ ട്രെയിനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്തി. തൃശ്ശൂരിൽ വച്ചാണ് ട്രെയിനിനുള്ളിൽ അസ്വാഭാവിക നിലയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന മറ്റൊരു പെൺകുട്ടിയെ കണ്ടെത്തിയത്. 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ടാറ്റാ നഗർ എക്സ്പ്രസ്സിന്റെ ടോയ്‌ലറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.
റെയിൽവേ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കാണാതായ 14 വയസ്സുകാരിയാണ് ഇതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടേകാലോടെ തൃശ്ശൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നുമാണ് 14 വയസ്സുകാരിയെ കണ്ടെത്തിയത്.
തിരുപ്പൂരിൽ ഉള്ള പെൺകുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ രാവിലെ തന്നെ തൃശ്ശൂർ സ്റ്റേഷനിൽ എത്തി. തുടർന്ന് വിവരങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. അതേസമയം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ വിശാഖപട്ടണമെന്ന് കണ്ടെത്തി. അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി ആസാമിലേക്ക് പോകുന്ന വഴിയാണ് റെയിൽവേ പോലീസ് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്.
Discussion about this post