ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴകം വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്.
ചുവപ്പും മഞ്ഞയും ആണ് പതാകയുടെ നിറം. പതാകയുടെ മദ്ധ്യത്തിലായി വാകപ്പൂവും അതിന് രണ്ട് ഭാഗത്തായി ആനകളുമാണ്. പതാകയുടെ പ്രധാന്യവും അത് എന്താണ് ഉദ്ദേശിക്കുന്നത് എന്നും സംസ്ഥാനതല സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും വിജയ് പറഞ്ഞു.
അണികൾക്കൊപ്പം പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ജാതിയുടെയും മതത്തിന്റെയും ലിംഗവ്യത്യാസത്തിന്റെയും ജൻമസ്ഥലത്തിന്റെയും പേരിലുളള വേർതിരിവുകൾ ഒഴിവാക്കുമെന്നും എല്ലാവർക്കും തുല്യ അവസരമെന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും തുല്യ അവകാശത്തിന് പേരാടുമെന്നായിരുന്നു പ്രതിഞ്ജ.
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post