ന്യൂയോർക്ക്: വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിയുന്നവ ജീവികളാണ് മീനുകൾ എന്ന് നമുക്ക് അറിയാം. വെളളമില്ലെങ്കിൽ നിമിഷങ്ങൾ മതി ഇവ ചത്തു പോകാൻ. എന്നാൽ ചില മീനുകൾക്ക് വെള്ളത്തിൽ മാത്രമല്ല കരയിൽ ജീവിക്കാനും മണ്ണിലൂടെ നടക്കാനും കഴിയും. ഇത്തരത്തിൽ കരയിലൂടെ നടക്കാൻ കഴിയുന്ന മീനുകൾ ഏതെന്ന് നോക്കാം.
മാൻഗ്രോവ് റിവുലസ്
മാൻഗ്രോവ് കില്ലി ഫിഷ് എന്ന് അറിയപ്പെടുന്ന മാൻഗ്രോവ് റിവുലസ് ആണ് വെള്ളമില്ലാതെ ജീവിക്കാൻ കഴിയുന്ന മീനുകളിൽ ഒന്ന്. കരയിലായിരിക്കുമ്പോൾ ഈ മീനുകൾ സ്വന്തം ശരീരത്തിലൂടെയാണ് ശ്വാസിക്കുന്നത് കണ്ടൽക്കാടുകൾ ആണ് ഇവയുടെ ആവാസ കേന്ദ്രം. അതുകൊണ്ടാണ് മാൻഗ്രോവ് റിവുലസ് എന്ന് ഇവയെ വിളിക്കുന്നത്. നദികളിലെ വെള്ളം വറ്റുമ്പോൾ ഇവ ചെളിയിൽ പൂണ്ട് കിടക്കും. ഇത്തരത്തിൽ മാസങ്ങളോളം ജീവിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. തറയിലൂടെ മറ്റ് സ്ഥലത്തേയ്ക്ക് നീങ്ങാനും ഇവയ്ക്ക് കഴിയും.
മഡ്‌സ്‌കിപ്പർ
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന മീനുകളാണ് മഡ്‌സ്‌കിപ്പർ. കരയിൽ നിന്നും ഭക്ഷണം തേടി കണ്ടുപിടിച്ച് ജീവിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. കരയിലായിരിക്കുമ്പോൾ ചെകിളകൾ കൊണ്ടാണ് ഇവ ശ്വസിക്കുക. വശങ്ങളിലുള്ള ചിറകുകൾ ആണ് ഇവയെ കരയിലൂടെ നടന്ന് നീങ്ങാൻ സഹായിക്കാറുള്ളത്. നദിയിലെ വെള്ളം വറ്റുമ്പോൾ ഈ മീനുകൾ കരയിലൂടെ നടന്ന് നീങ്ങി മറ്റൊരു വാസസ്ഥലം കണ്ടെത്താറുണ്ട്.
നോർതേൺ സ്‌നേക്ക്‌ഹെഡ്
നോർതേൺ സ്‌നേക്ക്‌ഹെഡ് മീനുകൾക്കും കരയിൽ ജീവിക്കാനുള്ള കഴിവുണ്ട്. ചെകിളകളാണ് ഇതിന് ഈ മീനുകളെ സഹായിക്കുന്നത്. വരൾച്ചയുടെ സമയത്ത് മാസങ്ങളോളം ഇവയ്ക്ക് കരയിൽ തുടരാൻ കഴിയും. വെള്ളമുള്ള നദികളിലേക്ക് സഞ്ചരിക്കാനുള്ള കഴിവും ഈ മീനുകൾക്കുണ്ട്.
പസഫിക് ലീപ്പിംഗ് ബ്ലെന്നി
കരയിൽ ജീവിക്കാൻ കഴിയുന്ന മീനുകളിൽ പെടുന്ന മറ്റൊരു മീനാണ് പസഫിക് ലീപ്പിംഗ് ബ്ലെന്നി. പാറകളിലൂടെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും എന്നത് മറ്റ് മീനുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. നീളമുള്ള വാലുകൾ ആണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിലെ സുഷിരങ്ങൾ ഉപയോഗിച്ചാണ് ഇവ ശ്വസിക്കാറുള്ളത്. വെള്ളത്തിനേക്കാൾ കൂടുതൽ സമയം ഇവ കരയിലാണ് ജീവിക്കുക.
വാക്കിംഗ് കാറ്റ്ഫിഷ്
നനവുള്ള കരഭാഗങ്ങളിൽ ജീവിക്കാൻ വാക്കിംഗ് കാറ്റ്ഫിഷുകൾക്ക് കഴിയും. പ്രധാനമായും ഭക്ഷണം തേടിയാകും ഇവ കരയിൽ എത്താറുള്ളത്. മറ്റ് മീനുകളെ പോലെ വരൾച്ചയുണ്ടാകുമ്പോൾ ഇവ മറ്റ് വാസസ്ഥലം അന്വേഷിച്ച് പോകാറുണ്ട്.
ക്ലൈമ്പിംഗ് പെർച്ച്
വരണ്ട നിലത്ത് കൂടി നീങ്ങാൻ ഈ മീനുകൾക്ക് കഴിയും. ചെകിളകളാണ് ഇവയെ കരയിൽ ജീവിക്കാൻ സഹായിക്കുന്നത്. ദീർഘനാൾ കരയിൽ ജീവിക്കാനുള്ള ഇവയുടെ കഴിവ് എടുത്ത് പറയേണ്ടത് ആണ്.
Discussion about this post