ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും തടയുന്നതിലും അന്വേഷണം കാര്യക്ഷമമായി നടത്തുന്നതിലും യുകെ പോലീസിന് വീഴ്ച പറ്റുന്നതായി അന്വേഷണ റിപ്പോർട്ട്. ബലാത്സംഗങ്ങളുടെയും ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെയും അന്വേഷണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസ് സേനയുടെ പ്രവർത്തനങ്ങൾ പഠിക്കാനായി നിയോഗിച്ച
കോൺസ്റ്റബുലറി ഇൻസ്പെക്ടർ മിഷേൽ സ്‌കീർ നൽകിയ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ആണ് ഉള്ളത്. സേനയിലെ പകുതിയിലേറെ പേരും പൂർണ്ണ യോഗ്യതകൾ ഇല്ലാത്തവർ ആണെന്നും മിഷേൽ സ്‌കീർ വ്യക്തമാക്കുന്നു.
ബലാത്സംഗ കേസുകളും ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കാനായി ഏർപ്പെടുത്തിയിട്ടുള്ള റാസ്സോ സേനയിലെ പകുതിയിൽ കൂടുതൽ ഉദ്യോഗസ്ഥരെയും മറ്റു ജോലികൾക്കായി വിന്യസിക്കുന്നത് അന്വേഷണം വൈകിപ്പിക്കുന്നു. ബലാത്സംഗ കേസുകൾ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥരെ ഫുട്ബോൾ മത്സരങ്ങളുടെയും മറ്റു ഫെസ്റ്റിവലുകളുടെയും സുരക്ഷയ്ക്കായി വിന്യസിക്കുന്നത് പതിവാണ്. ഇതുമൂലം കൃത്യനിർവഹണം സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ഇവർക്ക് കഴിയാറില്ല എന്നും മിഷേൽ സ്‌കീർ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
യുകെയിൽ ബലാത്സംഗ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഓരോ വർഷം തോറും ഉണ്ടാകുന്നത്. എന്നാൽ ഈ കേസുകൾ അന്വേഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ല. ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ട പോലീസുകാരെ മറ്റു പരിപാടികൾക്ക് വിന്യസിക്കുന്നത് മൂലം ബലാത്സംഗത്തിന് ഇരയായവരുമായുള്ള കൂടിക്കാഴ്ചകളും അന്വേഷണങ്ങളും നടക്കാതെ ആവുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കാലതാമസം ഉണ്ടാകുന്നു.
ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് അവർക്ക് വലിയ ജോലിഭാരം ആണ് ഉണ്ടാക്കുന്നതെന്നും അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുകെ പോലീസ് സേനയിൽ ദേശീയതലത്തിലുള്ള മെച്ചപ്പെടുത്തലുകൾ അനിവാര്യമാണെന്നും മിഷേൽ സ്‌കീർ അഭിപ്രായപ്പെട്ടു. പോലീസ് സേനയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള 14 ശുപാർശകളും മിഷേൽ സ്‌കീറിന്റെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post