ന്യൂഡൽഹി : പശ്ചിമബംഗാൾ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൊൽക്കത്ത പൊലീസ് ആദ്യം കൈകാര്യം ചെയ്ത രീതി ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
തന്റെ 30 വർഷത്തെ കരിയറിൽ ഇത്രയും ഉത്തരവാദിത്വമില്ലാത്ത രീതിയിൽ അന്വേഷണം നടത്തിയ ഒരു കേസ് നേരിട്ടിട്ടില്ലെന്ന് ജസ്റ്റിസ് ജെബി പർദിവാല അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അംഗങ്ങളായും ഉള്ള മൂന്നംഗ ബെഞ്ച് ആണ് കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വാദം കേൾക്കുന്നത്. വ്യാഴാഴ്ചയാണ് കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായിരുന്നത്.
കേസിൽ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വശം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ഡോക്ടറുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട ജനറൽ ഡയറി എൻട്രി പോലീസ് രാവിലെ 10:10 ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.10നാണ് പോലീസ് സ്റ്റേഷനിൽ മരണവിവരം അറിയിച്ചത്. എന്നിട്ടും കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ സുരക്ഷ ഏറ്റെടുക്കുന്നതും പ്രദേശം സീൽ ചെയ്യുന്നതും രാത്രി 11:30 വരെയും പോലീസ് നടത്തിയില്ല എന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഡോക്ടറുടെ മരണം അസ്വാഭാവിക മരണമായി രേഖപ്പെടുത്തിയത് രാത്രി 11:30നാണ്. രാവിലെ 10 മുതൽ രാത്രി വരെ കൊൽക്കത്ത പോലീസിന് ഇതൊരു അസ്വാഭാവിക മരണമായി തോന്നിയില്ലേ എന്നും സുപ്രീംകോടതി ചോദ്യമുന്നയിച്ചു. വൈകിട്ട് ആറിനാണ് ഡോക്ടറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നത്. മരണം അസ്വാഭാവികം അല്ലെന്ന് തോന്നിയിരുന്നെങ്കിൽ എന്തിനാണ് നിങ്ങൾ പോസ്റ്റ്മോർട്ടത്തിന് മൃതദേഹം അയച്ചത് എന്നും സുപ്രീംകോടതി പശ്ചിമബംഗാൾ പോലീസിനെ കുറ്റപ്പെടുത്തി.
Discussion about this post