ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ആയ റൂമി-1 വിക്ഷേപണത്തിന്. ശനിയാഴ്ച ചെന്നൈയിൽ നിന്നുമാണ് റോക്കറ്റിന്റെ വിക്ഷേപണം ഉണ്ടാകുക. 50 പികോ സാറ്റ്‌ലൈറ്റുകൾ വഹിച്ചുകൊണ്ടാകും റോക്കറ്റിന്റെ യാത്ര.
ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ കേന്ദ്രത്തിൽ നിന്നും പ്രത്യേക മൊബൈൽ ലോഞ്ചറിൽ നിന്നാകും റോക്കറ്റ് വിക്ഷേപിക്കുക. 35 കിലോ മീറ്റർ ഉയരത്തിൽ ഇവ പികോ സാറ്റ്‌ലൈറ്റുകളെ നിക്ഷേപിക്കും. ശേഷം കടലിൽ പതിയ്ക്കുന്ന റോക്കറ്റ് അധികൃതർ സുരക്ഷിത സ്ഥാനത്ത് എത്തിയ്ക്കും.
സ്വകാര്യ കമ്പനിയായ സ്‌പേസ് സോൺ വണ്ണാണ് പുന:രുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റുകളുടെ നിർമ്മാതാക്കൾ. വിക്ഷേപണ വേളയിൽ താപനില, റേഡിയേഷൻ തുടങ്ങി വിവിധ വിവരങ്ങൾ ശേഖരിക്കുമെന്ന് റൂമി-1 ന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ആനന്ദ് മേഘലിംഗം പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് റൂമി-1 ന് രൂപം നൽകിയത്. നൈട്രസ് ഓക്‌സൈഡിനൊപ്പം ഹൈബ്രിഡ് പ്രൊപ്പൽഷൻ സംവിധാനം ഇതിൽ ഉപയോഗിക്കുന്നു. ഖര രൂപത്തിലുള്ള വാക്‌സ് ഫ്യുവൽ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
റൂമേന്ദ്രൻ എന്നാണ് തന്റെ മകന്റെ പേര്. ഈ പേരാണ് റോക്കറ്റിന് നൽകിയിരിക്കുന്നത്. അവൻ ജനിച്ച മുതൽ ഈ റോക്കറ്റിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുകൊണ്ടാണ് അവന്റെ പേര് തന്നെ നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post