വാഴ്‌സോ: 45 വർഷത്തിന് ശേഷം ആദ്യമായി പോളണ്ട് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കുകയാണ് ഒരു നരേന്ദ്ര മോദി. എന്നാൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ ഉടൻ പ്രധാനമന്ത്രി പോളണ്ടിലുള്ള “നവാ നഗറിലെ ജാമ് സാഹേബ്” സ്മാരകത്തിലേക്ക് പോയത് പലരെയും അതിശയിപ്പിച്ചു. ഇന്ത്യക്കാരന് പോളണ്ടിൽ സ്മാരകമോ അതും ഒരു ഇന്ത്യൻ രാജാവിന് എന്നാണ് പലരും ചിന്തിച്ചത്.
ആരാണ് പോളണ്ടിൽ എത്തിയ ഉടനെ മോദി സന്ദർശിച്ച നവാ നഗറിലെ ജാമ് സാഹേബ്, എന്താണ് ഗുജറാത്തിലെ ഒരു രാജാവിന് പോളണ്ടിൽ കാര്യം.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നാണ് പോളണ്ടിലെ ഡോബ്രി (നല്ല) മഹാരാജാവിൻ്റെ കഥയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് വ്യക്തമാക്കിയത്.
1895 സെപ്റ്റംബർ 18 ന് ഗുജറാത്തിലെ സരോദറിൽ ജനിച്ച ദിഗ്‌വിജയ്‌സിൻഹ്‌ജി രഞ്ജിത്‌സിൻഹ്‌ജി ജഡേജ ഡോബ്രി അഥവാ “നല്ല മഹാരാജാവ്” എന്നാണ് അറിയപ്പെട്ടിരുന്നത്. രാജാവ് മാത്രമല്ല അക്കാലത്ത് രാജ്യത്തെ ഒരു നയതന്ത്രജ്ഞൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരിന്നു.
സോവിയറ്റ് യൂണിയൻ ആക്രമിച്ചതിനെ തുടർന്ന് അനാഥരാക്കപ്പെട്ട പോളിഷ് കുട്ടികൾക്ക് വേണ്ടി 1942-ൽ അദ്ദേഹം ഗുജറാത്തിലെ ജാംനഗർ-ബലാചാഡിയിൽ ഒരു ക്യാമ്പ് സ്ഥാപിച്ചു, സോവിയറ്റ് യൂണിയനിൽ നിന്ന് ഒഴിപ്പിച്ച ഏകദേശം 650 പോളിഷ് കുട്ടികൾക്ക് ഇവിടം അഭയ കേന്ദ്രമായി.
എന്നാൽ ഇത് വെറുമൊരു അഭയാർത്ഥി ക്യാമ്പ് മാത്രമായിരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ അദ്ദേഹം ശ്രദ്ധിച്ചു. ഇതോടു കൂടി കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുകയുണ്ടായി.
കുട്ടികൾക്ക് ഭക്ഷണം, വിദ്യാഭ്യാസം, കലാപരമായ വികസനത്തിനുള്ള അവസരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് മഹാരാജാവ് തന്നെ നേരിട്ടായിരിന്നു ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്
അദ്ദേഹത്തിൻ്റെ പ്രയത്‌നങ്ങൾ പോളിഷ് സമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് വലിയ സ്‌നേഹം നേടിക്കൊടുത്തു, ക്യാമ്പിലെ കുട്ടികൾ അദ്ദേഹത്തെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ സംഭാവനകളെ മാനിച്ച്, വാർസോയിലെ ഒരു തെരുവിന് അദ്ദേഹത്തിൻ്റെ പേര് നൽകുകയുണ്ടായി , 2016-ൽ മഹാരാജാവ് മരണപ്പെട്ട് 50 വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക് ഓഫ് പോളണ്ടിൻ്റെ കമാൻഡേഴ്സ് ക്രോസ് ഓഫ് ഓർഡർ ഓഫ് മെറിറ്റ് അദ്ദേഹത്തിന് നല്കപ്പെടുകയുണ്ടായി.
കുട്ടികളുടെ ക്യാമ്പ് 1945 വരെ പ്രവർത്തിച്ചു, അതിനുശേഷം ഇവരെ മഹാരാഷ്ട്രയിലെ വാലിവാഡിലേക്ക് മാറ്റി. കുട്ടികളുടെ ക്ഷേമത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ഇന്ത്യൻ ചരിത്രത്തിലും പോളിഷ് ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
Discussion about this post