ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ 14 മണിക്കൂർ വൈകിയതുൾപ്പെടെ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.
സ്വമേധയാ എടുത്ത കേസിന്റെ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. എന്തിനാണ് നിങ്ങൾ ധൃതി പെട്ട് മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ മേടിച്ചു പോയത്? കോളേജ് പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിൻ്റെ ദുരൂഹമായ നടപടികൾ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
പ്രസക്തമായ ഒന്നിലധികം ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചോദിച്ചത്
എന്തിനാണ് (എ) 14 മണിക്കൂർ വൈകി എഫ്ഐആർ ഫയൽ ചെയ്യാനുള്ള കാരണം; (ബി) കോളേജ് പ്രിൻസിപ്പൽ നേരിട്ട് കോളേജിൽ വന്ന് എഫ്ഐആർ ഫയൽ ചെയ്യണമായിരുന്നു, അദ്ദേഹം ആരെയാണ് സംരക്ഷിക്കുന്നത്? (സി) എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ച് മറ്റൊരു കോളേജിലേക്ക് പോയത് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു
31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ ഡോക്ടർ സന്ദീപ് ഘോഷിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രിൻസിപ്പലായി സ്ഥലം മാറ്റിയിരുന്നു . എന്നാൽ, ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച അദ്ദേഹത്തിൻ്റെ പോസ്റ്റിംഗ് റദ്ദാക്കുകയായിരുന്നു.
Discussion about this post