ന്യൂഡൽഹി: ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കാൻ രാജ്യ വ്യാപകമായി പ്രവർത്തനം നടത്തിയിരുന്ന അൽ-ക്വയ്ദ മൊഡ്യൂളിനെ തകർത്ത് ഡൽഹി പോലീസ്. ഇതിനെ തുടർന്ന് ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 11 പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
കേന്ദ്ര ഇൻ്റലിജൻസ് ഇൻപുട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അതാത് സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞത് 15 റെയ്ഡുകളെങ്കിലും ഡൽഹി പോലീസ് നടത്തിയിരുന്നു.
രാജസ്ഥാനിലെ ഭിവാദിയിൽ ആയുധപരിശീലനത്തിനിടെയാണ് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് . ജാർഖണ്ഡ് സ്വദേശികളായ ഹസൻ അൻസാരി, ഇനാമുൽ അൻസാരി, അൽതാഫ് അൻസാരി, അർഷാദ് ഖാൻ, ഉമർ ഫാറൂഖ്, ഷഹബാസ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്
ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇഷ്തിയാഖ് അഹമ്മദ്, മോതിയൂർ, റിസ്വാൻ, മുഫ്തി റഹ്മത്തുള്ള, ഫൈസാൻ എന്നിവരാണ് പിടിയിലായത്.
റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, ഒരു .38 ബോർ റിവോൾവർ, .38 ബോറിൻ്റെ ആറ് ലൈവ് കാട്രിഡ്ജുകൾ, .32 ബോറിൻ്റെ 30 ലൈവ് കാട്രിഡ്ജുകൾ, എകെ 47 ൻ്റെ 30 ലൈവ് കാട്രിഡ്ജുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
റാഞ്ചിയിലെ (ജാർഖണ്ഡ്) ഡോ. ഇഷ്തിയാക്കിൻ്റെ നേതൃത്വത്തിലായിരുന്നു അൽ-ഖ്വയ്ദ മൊഡ്യൂളെന്നും ‘ഖിലാഫത്ത്’ പ്രഖ്യാപിക്കാനും രാജ്യത്തിനകത്ത് ഗുരുതരമായ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ആയിരിന്നു അവർ പദ്ധതി ഇട്ടിരുന്നതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി
Discussion about this post