ന്യൂഡൽഹി:ഹൃദയസംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ പാമ്പുകൾക്ക് കഴിയുമെന്ന് പഠനം. കാർഡിയാക് ഫൈബ്രോസിസ് (ഹൃദയകോശങ്ങൾ ദൃഢമാകുന്ന അവസ്ഥ) പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി പെരുമ്പാമ്പുകളെ പ്രയോജനപ്പെടുത്താമെന്നാണ് പഠനത്തിൽ പറയുന്നത്. വൈദ്യശാസ്ത്ര രംഗത്ത് തന്നെ നിർണായകമാണ് ഈ പഠനം.
ബയോഫ്രോണ്ടിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈന്റിഫിക് ഓഫീസറും പ്രൊഫസറുമായ ലെസ്ലീ ലെയിൻവാൻഡ് ആണ് പാമ്പുകളിൽ പഠനം നടത്തിയത്. ഇര വിഴുങ്ങുമ്പോൾ പെരുമ്പാമ്പുകളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന മാറ്റമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പഠന വിധേയം ആക്കിയിരിക്കുന്നത്.
ഇരയെ വിഴുങ്ങിയ ശേഷം പെരുമ്പാമ്പുകളുടെ ഹൃദയം വികസിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇരയെ വിഴുങ്ങി 24 മണിക്കൂറിനുള്ളിൽ ഹൃദയത്തിന്റെ വലിപ്പം 25 ശതമാനം വർദ്ധിക്കും. ഇത്തരത്തിൽ വികസിക്കുമ്പോൾ ഹൃദയ പേശികൾ മൃദുവാകും. ഇതോടെ പാമ്പുകളുടെ മെറ്റബോളിസം വർദ്ധിക്കുകയും വിഴുങ്ങിയ ഇര ദഹിക്കുകയും ചെയ്യുന്നു.
രണ്ട് ആഴ്ചയോളം സമയമാണ് വിഴുങ്ങിയ ഇര ദഹിക്കാനായി സമയം എടുക്കുക. ഇതിന് ശേഷം ഹൃദയം അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തുന്നു. ഈ സവിശേഷതയെ കാർഡിയാക് ഫൈബ്രോസിസിന്റെ ചികിത്സയ്ക്കായി ഭാവിയിൽ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്.
പെരുമ്പാമ്പുകളെ രണ്ടായി തിരിച്ചുകൊണ്ടായിരുന്നു ഗവേഷകർ ഗവേഷണം നടത്തിയത്. 28 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പരീക്ഷണം. ഒരു വിഭാഗം പാമ്പുകൾക്ക് ശരീരത്തിന്റെ 25 ശതമാനം ഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിന് ഭക്ഷണം പോലും നൽകിയില്ല. ഭക്ഷണം നൽകിയ പാമ്പുകളിൽ ഹൃദയത്തെ വികസിപ്പിക്കാനും സങ്കോചിക്കാനും സഹായിക്കുന്ന മയോഫിബ്രിൽസ് എന്നറിയപ്പെടുന്ന പേശികൾ മൃദുവായി എന്നാണ് കണ്ടെത്തൽ.
Discussion about this post