ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ . യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്.
സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, ഫാമിലി പെൻഷൻ, മിനിമം പെൻഷൻ എന്നിവ നൽകാൻ ലക്ഷ്യമിടുന്നതാണ് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്).
പുതുതായി വരാൻ പോകുന്ന ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) വർദ്ധിച്ചിട്ടുണ്ട് . 2025 ഏപ്രിൽ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.
25 വർഷം സർവീസിൽ ഇരിക്കുന്ന ആളുകൾക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയാണ് പെൻഷൻ നൽകുക. ഇത്തരത്തിൽ കണക്കാക്കുന്ന തുകയുടെ 50 ശതമാനമെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കിൽ മിനിമം പെൻഷൻ കേന്ദ്ര സർക്കാർ ഉറപ്പാക്കും.
അതേസമയം, ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ സംസ്ഥാന സർക്കാരുകൾക്കും നൽകും. സംസ്ഥാന സർക്കാരുകൾ യുപിഎസ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷം വരും.
Discussion about this post