ന്യൂഡൽഹി; അഞ്ചുവയസുകാരനെ തല്ലിക്കൊന്ന് സഹപാഠികൾ. നോർത്ത് ഈസ്റ്റ് ഡൽഹിയിലാണ് സംഭവം. പ്രദേശത്തെ മദ്രസിയിൽ പഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് അഞ്ച് വയസുള്ള ആൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 9 നും 11 നും ഇടയിൽ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികൾ മദ്രസയിൽ അവധി ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ അഞ്ച് മാസമായി മദ്രസയിൽ പഠിക്കുകയായിരുന്നു കുട്ടിയെന്ന് മാതാവ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മകന് പനി പിടിപ്പെട്ടുവെന്ന് അറിയിച്ചതിനെ തുടർന്നാണ് മാതാവ് മദ്രസയിലെത്തുന്നത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം ഏതെങ്കിലും രോഗമല്ലെന്നും ശാരീരികമായ ആക്രമണം മൂലമുണ്ടായ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകളാണെന്നും വ്യക്തമാക്കിയിരുന്നു.
തുടർന്ന് മദ്രസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കുട്ടിയുടെ സുഹൃത്തുക്കളുമായും മറ്റ് വിദ്യാർത്ഥികളുമായും സംസാരിച്ചു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ, കുറ്റകൃത്യം ചെയ്ത മൂന്ന് ആൺകുട്ടികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. കുട്ടി മരിച്ചാൽ മദ്രസയ്ക്ക് അവധി ലഭിക്കുമെന്നും ഇതേ തുടർന്ന് നാട്ടിൽ പോകാമെന്ന് കരുതിയതായും പ്രതികളായ മൂന്ന് കുട്ടികൾ മൊഴി നൽകി. ടിവിയിൽ കണ്ട ഒരു ക്രൈം ഷോയിൽ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post