ലണ്ടൻ : വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ൽ 3,112 ഇന്ത്യൻ വിദ്യാർത്ഥികൾ ആയിരുന്നു യുകെയിൽ ഉപരിപഠനത്തിനായി പോയിരുന്നതെങ്കിൽ കഴിഞ്ഞവർഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു.
എന്നാൽ ഒരൊറ്റ വർഷം കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഉപരിപഠനത്തിനായി യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 23 ശതമാനം കുറവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്ന ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിലെ കണക്കനുസരിച്ച് യുകെയിലെ വിദേശ വിദ്യാർത്ഥികളിൽ നാലിൽ ഒരാൾ ഇന്ത്യക്കാരനാണ്.
യുകെ ഗവൺമെന്റ് വിദ്യാർത്ഥികൾക്കുള്ള വിസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രീതി കുറയാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. സർക്കാർ സ്കോളർഷിപ്പിൽ ആശ്രിതരെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നത് നിർത്തലാക്കിയത് വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. കൂടാതെ യുകെയിലെ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പഠനശേഷം വിദേശ വിദ്യാർത്ഥികൾക്ക് യുകെയിൽ തന്നെ രണ്ടുവർഷം ജോലി ചെയ്യാൻ കഴിയുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ ആയിരുന്നു ഇന്ത്യൻ വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിച്ചിരുന്ന ഒരു പ്രധാന ഘടകം. ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഗ്രാജുവേറ്റ് റൂട്ട് വിസയിലാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞവർഷം ഋഷി സുനക് സർക്കാർ ഈ വിസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് 2015 മുതൽ ഓരോ വർഷവും വർദ്ധനവ് രേഖപ്പെടുത്തിയിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ യു കെ കുടിയേറ്റത്തിൽ ഈ വർഷം വലിയ കുറവ് ഉണ്ടായിരിക്കുന്നത്.










Discussion about this post