ഇഷ്ടപ്പെട്ട ഹോട്ടൽഭക്ഷണവും തിയേറ്ററിൽ വന്നുപോകുന്ന സിനിമകളും ഒക്കെ കാണാൻ പണം ശമ്പളത്തിൽ നിന്നും തികയുന്നില്ലെന്നാണോ നിങ്ങളുടെ പരാതി. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കുള്ള പണം പോക്കറ്റ് മണി ആയി ലഭിച്ചാലോ. അത്തരം ഒരു അവസരം ഇതാ കൺമുന്നിൽ. മിസ്റ്ററി ഷോപ്പിംഗ് അഥവാ ആൾമാറാട്ട ഷോപ്പിംഗ് ആണ് വഴി. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ ജോലി. സൗജന്യമായി സേവനങ്ങൾ ഉപയോഗിക്കാം. ഓരോ അസൈൻമെന്റിനു ശേഷവും അത്യാവശ്യം നല്ലൊരു തുക പോക്കറ്റിലുമെത്തും.
ഒട്ടേറെ റീട്ടെയ്ൽ സ്റ്റോറുകളുള്ള വൻ കമ്പനികളും സ്വകാര്യ ഏജൻസികളുമാണു മിസ്റ്ററി ഷോപ്പർമാരെ ജോലിക്കെടുക്കുന്നത്. കടകളിലും സ്ഥാപനങ്ങളിലും ചെന്ന് അവിടത്തെ സ്ഥിതി, ജോലിക്കാരുടെ ഇടപെടൽ, കസ്റ്റമർ അനുഭവം തുടങ്ങിയവ വിലയിരുത്തുകയാണു ചെയ്യേണ്ടത്. എന്നാൽ, ഇതൊക്കെ അവിടത്തെ ജീവനക്കാർ അറിയാതെ വേണം നടത്താൻ. സാധാരണ ഉപഭോക്താക്കളെപ്പോലെ പെരുമാറി വിവരങ്ങൾ എടുക്കേണ്ടി വരും. അതിനായി ചിത്രങ്ങളും വിഡിയോകളും എടുക്കാം, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം, സാധനങ്ങൾ വാങ്ങണമെങ്കിൽ അതുമാകാം. കാശ് പിന്നീടു തിരികെ ലഭിക്കും. വെറുതെ അഭിപ്രായങ്ങൾ പറയുകയല്ല, ആകെയുള്ള അനുഭവം പങ്കിടുകയാണു മിസ്റ്ററി ഷോപ്പർമാർ ചെയ്യേണ്ടത്.
പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതകളൊന്നും വേണ്ടാത്ത ഈ ജോലിക്ക് ഏറ്റവും അത്യാവശ്യം നല്ല നിരീക്ഷണപാടവം ആണ് ആവശ്യം. ചിലപ്പോൾ ജീവനക്കാരോട് തർക്കിച്ച് അവരുടെ ക്ഷമവരെ പരീക്ഷിക്കേണ്ടി വന്നേക്കാം. സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, ഇകൊമേഴ്‌സ് സർവീസ്, തിയറ്റർ, റെസ്റ്ററന്റ് തുടങ്ങിയ സ്ഥലങ്ങളിലാണു മിസ്റ്ററി ഷോപ്പരെ നിയോഗിക്കുക. ജോലിയുടെ കാഠിന്യമനുസരിച്ചാണു ശമ്പളം. എങ്കിലും ശരാശരി 45 ഡോളറെങ്കിലും (ഏകദേശം 3,000 രൂപ) ഓരോ തവണയും ലഭിക്കും













Discussion about this post