ഉറക്കമില്ലായ്മ മറ്റു പല രോഗങ്ങൾക്ക് കൂടി കാരണമാകുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം പലപ്പോഴും ഉറക്കമില്ലായ്മയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ മറ്റു ചില ഭക്ഷണങ്ങൾ നല്ല ഉറക്കം ലഭിക്കാനും സഹായകരമാകും. നല്ല ഉറക്കത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്,
നിലക്കടല
വിഷാദവും ഉറക്കമില്ലായ്മയും അനുഭവിക്കുന്ന ആളുകൾക്ക് ശരീരത്തിൽ സെറോടോണിന്റെ അഭാവമുണ്ടായിരിക്കും. അമിനോ ആസിഡായ ട്രിപ്റ്റോഫനിൽ നിന്ന് സമന്വയിപ്പിച്ച ഹോർമോണാണ് സെറാടോൺ . അതിനാൽ നിലക്കടല പോലുള്ള ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാവസ്ഥയും ഉറക്കവും നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചുവന്ന അരി
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് വേണ്ടത്ര ഉറക്കം ലഭിക്കാത്തത് . ഗുണകരമായ കാർബോഹൈഡ്രേറ്റ്സിന്റെ ഉപയോഗം നിങ്ങൾക്ക് നല്ല ഉറക്കം പ്രദാനം ചെയ്യും എന്നാണ് പുതിയ കണ്ടെത്തലുകൾ. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ചുവന്ന അരി പോലെയുള്ള ഗുണകരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനു സഹായിക്കും.
തേൻ
തേൻ നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്നതിന് കാരണം അതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് ആണ്. നമ്മുടെ മസ്തിഷ്കത്തിലെ ജാഗ്രതയുടെ നിലവാരം ഉയർത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററായ ഓറെക്‌സിൻ്റെ അളവ് കുറയ്ക്കുന്നതിന് തേനിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് സഹായിക്കുന്നു.
പാൽ
ഉറങ്ങാൻ പോകുന്നതിനു മുൻപായി ഒരു ഗ്ലാസ് ചെറു ചൂടുള്ള പാൽ കുടിക്കുന്നത് മികച്ച ഉറക്കം വാഗ്ദാനം ചെയ്യുന്നതാണ്. ഉറക്കത്തിന് കാരണമാകുന്ന ട്രിപ്റ്റോഫാൻ അമിനോ ആസിഡിൻ്റെ സ്വാഭാവിക ഉറവിടമാണ് പാൽ . ഈ ട്രിപ്റ്റോഫാൻ നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്നു.
വാഴപ്പഴം
വാഴപ്പഴത്തിൽ മറ്റ് പ്രധാന പോഷകങ്ങളോടൊപ്പം തന്നെ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രാത്രി ഉറക്കം ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ട്രിപ്റ്റോഫാനും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ രാത്രി കിടക്കുന്നതിനു മുൻപായി വാഴപ്പഴം കഴിക്കുന്നത് ഉറക്കം ലഭിക്കാൻ ഏറെ സഹായകരമാകും.
Discussion about this post