കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. സംഘടനയിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ എല്ലാവരും രാജിവയ്ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് ലൈംഗികാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് സ്വമേധയാ രാജിവച്ചത്. ഓൺലെെനായി ചേർന്ന യോഗത്തിന് പിന്നാലെയാണ് കൂട്ടരാജി.
‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും എന്ന് മോഹൻലാൽ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post